ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ നേട്ടത്തില്‍ മാപ്പു പറച്ചിലല്ല ആഘോഷമാണ് വേണ്ടതെന്ന് ഗുസ്‌തി താരം പൂജ ഗെലോട്ടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബര്‍മിങ്‌ഹാമില്‍ വനിതകളുടെ 50 കിലോ ഫ്രീസ്റ്റെയിലാണ് പൂജ വെങ്കലം നേടിയത്.
എതിരാളിയായ സ്‌കോട്ടിഷ് താരത്തിനെതിരെ തുടക്കത്തില്‍ പിന്നിലായ താരം തിരിച്ചടിച്ചാണ് മെഡല്‍ ഉറപ്പാക്കിയത്. എന്നാല്‍ രാജ്യത്തിനായി സ്വര്‍ണം നേടാനാവാത്തതില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായി താരം പറഞ്ഞിരുന്നു.
വെങ്കലപ്പോരാട്ടത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രതികരണം. "ഞാൻ സെമിയില്‍ എത്തിയെങ്കിലും തോല്‍വി വഴങ്ങി. എനിക്ക് എന്‍റെ രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണം. ഇവിടെ ദേശീയ ഗാനം കേൾപ്പിക്കണം എന്നായിരുന്നു ആഗ്രഹം. ഞാൻ എന്‍റെ തെറ്റുകളിൽ നിന്ന് പഠിക്കുകയും അവയിൽ പ്രവർത്തിക്കുകയും ചെയ്യും'', പൂജ പറഞ്ഞു.
പൂജയുടെ ഈ വാക്കുകള്‍ക്കാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. താരത്തിന്‍റെ ജീവിതയാത്ര തങ്ങളെ പ്രചോദിപ്പിക്കുന്നതായും വിജയം സന്തോഷിപ്പിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു. ഭാവിയിൽ കൂടുതല്‍ മഹത്തായ വിജയങ്ങള്‍ നേടാനാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.