ബിര്‍മിങ്‌ഹാം :കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷവിഭാഗം ടേബിള്‍ ടെന്നിസില്‍ സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യന്‍ ടീം. ഫൈനലില്‍ സിംഗപ്പൂരിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 3-1 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം ഈ ഗെയിംസിലെ അഞ്ചാം സ്വര്‍ണമണിഞ്ഞത്.
ശരത് കമൽ അചന്ത, സതിയൻ ജ്ഞാനശേഖരൻ, ഹർമീത് ദേശായി എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയ്‌ക്കായി മത്സരിച്ചത്. ആദ്യം നടന്ന ഡബിള്‍സ് പോരാട്ടത്തില്‍ ഹർമീത് ദേശായി-സതിയൻ സഖ്യം ഇന്ത്യയ്‌ക്ക് ജയത്തുടക്കം സമ്മാനിച്ചിരുന്നു. എന്നാല്‍ ആദ്യ സിംഗിള്‍സ് പോരാട്ടത്തിനിറങ്ങിയ ശരത് കമലിന് മത്സരം സിംഗപ്പൂരിനോട് അടിയറവ് പറയേണ്ടി വന്നു.
പിന്നാലെ സിംഗിള്‍സില്‍ നടന്ന രണ്ട് സെറ്റുകളും സതിയൻ, ഹർമീത് എന്നിവര്‍ ഇന്ത്യയ്‌ക്കായി നേടിയെടുക്കുകയാണ് ഉണ്ടായത്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും പുരുഷന്മാരുടെ ടേബിള്‍ ടെന്നിസ് വിഭാഗത്തില്‍ ചാമ്പ്യന്മാരായത് ഇന്ത്യന്‍ ടീമാണ്.
വെള്ളിത്തിളക്കത്തില്‍ വികാസ് താക്കൂര്‍ : പുരുഷൻമാരുടെ 96 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ വികാസ് താക്കൂറിന് വെള്ളി. 346 കിലോഗ്രാം ഉയര്‍ത്തിയാണ് വികാസിന്‍റെ നേട്ടം. സ്‌നാച്ചില്‍ 155 കിലോഗ്രാമും, ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 191 കിലോയുമാണ് ഇന്ത്യന്‍ താരം ഉയര്‍ത്തിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായി മൂന്നാമത്തെ പ്രാവശ്യമാണ് വികാസ് താക്കൂര്‍ മെഡല്‍ നേടുന്നത്. ഇതോടെ ഇന്ത്യയുടെ ഗെയിംസിലെ ആകെ മെഡലുകളുടെ എണ്ണം 12 ആയി.