ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് വെങ്കലം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട വെങ്കലപ്പോരില്‍ ന്യൂസിലന്‍ഡിനെ 2-1നാണ് ഇന്ത്യ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു സംഘവും 1-1ന് സമനില പാലിച്ചു.
28ാം മിനിട്ടില്‍ സാലിമ ടെറ്റെയിലൂടെ മുന്നിലെത്തിയ ഇന്ത്യയെ മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് കിവീസ് ഒപ്പം പിടിച്ചത്. ഒലിവിയ മെറിയാണ് ന്യൂസിലന്‍ഡിനായി ഗോള്‍ നേടിയത്. തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സവിത പുനിയയുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്.
കിവീസിന്‍റെ മൂന്ന് സ്‌ട്രോക്കുകളാണ് സവിത തടുത്തിട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ സ്‌ട്രോക്ക് കിവീസ് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ ഇന്ത്യയുടെ സംഗീതയുടെ സ്‌ട്രോക്ക് ന്യൂസിലന്‍ഡ് ഗോള്‍കീപ്പര്‍ തടഞ്ഞു. കിവീസിന്‍റെ രണ്ടാം കിക്ക് സവിത തടയുകയും സോണിക ലക്ഷ്യം കാണുകയും ചെയ്‌തോടെ ഇന്ത്യ ഒപ്പമെത്തി.