ബര്‍മിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസ് വനിത ഹോക്കി സെമി ഫൈനല്‍ ഷൂട്ടൗട്ടിലെ 'ക്ലോക്ക് വിവാദത്തിൽ' അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ ഇന്ത്യയോട് മാപ്പ് പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കൗണ്‍ഡൗണ്‍ നടത്തേണ്ട ക്ലോക്കിലെ പിഴവ് ചൂണ്ടിക്കാട്ടി ആദ്യ ശ്രമം പരാജയപ്പെട്ട ഓസീസ് താരത്തിന് റഫറി വീണ്ടും അവസരം നല്‍കുകയായിരുന്നു.
സംഭവം “സൂക്ഷ്‌മമായി അവലോകനം” ചെയ്യുമെന്ന് അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ അറിയിച്ചു. ഓസ്‌ട്രേലിയയുടെ അംബ്രോസിയ മലോണിനാണ് കൗണ്‍ഡൗണ്‍ ക്ലോക്ക് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടി മറ്റൊരു അവസരം കൂടി ലഭിച്ചത്. താരത്തിന്‍റെ ആദ്യ അവസരം ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിത പൂനിയ പരാജയപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.