ബര്‍മിങ്‌ഹാം: 22-ാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ബര്‍മിങ്‌ഹാം അലക്‌സാണ്ടർ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങോടെ കൊടിയിറങ്ങി. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്തെത്തി. 66 സ്വര്‍ണമടക്കം 178 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 57 സ്വര്‍ണമടക്കം 175 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമതും 26 സ്വര്‍ണത്തോടെ കാനഡയുമാണ് മൂന്നാമത്.
2018 ഗോൾഡ് കോസ്റ്റ് ഗെയിംസിലെ 26 സ്വർണം ഉൾപ്പെടെ 66 മെഡൽ എന്ന നേട്ടത്തിൽ എത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ലെങ്കിലും പല ഇനങ്ങളിലും അപ്രതീക്ഷിതമായി കിട്ടിയ മെഡൽ നേട്ടം ഇരട്ടി മധുരമായി. 2018ൽ ഇന്ത്യ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു. ഇന്ത്യ മെഡൽ വാരുന്ന ഷൂട്ടിങ്ങും ആർച്ചറിയും പോലുള്ള ഇനങ്ങൾ ഇല്ലാതിരുന്നിട്ട് കൂടി 22 സ്വർണ എന്നത് മികച്ച നേട്ടമാണ്. ഗോൾഡ് കോസ്റ്റ് ഗെയിംസിൽ ഷൂട്ടിങ്ങിൽ നിന്ന് മാത്രം ഇന്ത്യ സ്വന്തമാക്കിയത് 16 മെഡലുകളായിരുന്നു.
ഒരുപാട് യുവ അത്‌ലറ്റുകൾക്ക് അന്താരാഷ്‌ട്ര വേദികളിൽ മികച്ച പ്രകടനം പുറത്തെടുക്കാനായി എന്നതും എടുത്ത് പറയേണ്ടത് ആണ്. മലയാളികൾ ആയ എൽദോസ് പോൾ, അബ്‌ദുള്ള അബൂബക്കർ, ശ്രീശങ്കർ തുടങ്ങിയവരുടെ മെഡൽ നേട്ടം തികച്ചും സന്തോഷം നൽകുന്നതാണ്. ലക്ഷ്യ സെൻ, ശരത് കമാൽ, കെനിയക്കാർ അടക്കിവാണിരുന്ന സ്റ്റീപ്ലിൾ ചേസിൽ വെള്ളി നേടിയ അവിനാശ് സബ്‌ലെ തുടങ്ങി ഓർമ്മിക്കാൻ ഒരുപിടി നിമിഷങ്ങൾ സമ്മാനിച്ചാണ് ഗെയിംസ് വിട പറഞ്ഞത്.
ക്രിക്കറ്റ്, ഹോക്കി, ബാഡ്‌മിന്‍റൺ ടീം എന്നിങ്ങനെ സ്വർണ പ്രതീക്ഷ ഉണ്ടായിരുന്ന ചില ഇനങ്ങളിൽ കൂടി സ്വർണം കൈവിട്ടില്ലായിരുന്നു എങ്കിൽ ഇന്ത്യ കാനഡയെ പിന്തള്ളി മൂന്നാമത് എത്തേണ്ടതായിരുന്നു. മെഡൽ പട്ടികയിൽ ആദ്യ 5 ൽ ഉൾപ്പെട്ട ഏക ഏഷ്യൻ രാജ്യം ഇന്ത്യയാണ്. ആദ്യ പത്തിൽ മലേഷ്യയും ഉൾപ്പെട്ടിട്ടുണ്ട്. 2026 കോമൺവെൽത്ത് ഗെയിംസ് ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിൽ നടക്കും. സമാപന ചടങ്ങിൽ കോമൺവെൽത്ത് ഗെയിംസ് പതാക വിക്‌ടോറിയ ഗവർണർക്ക് സമ്മാനിച്ചു.