റിയാദ് :സൗദി പ്രോ ലീഗിലെ നിർണായക മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌ർ എഫ്‌സിക്ക് തോൽവി. കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ ഹിലാൽ എഫ്‌സിയാണ് അൽ നസ്‌റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. അൽ ഹിലാലിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻതാരം ഒഡിയൻ ഇഗാലോ ഇരട്ട ഗോളുകൾ നേടി.
രണ്ട് ഗോളുകളും പെനാൽറ്റിയിൽ നിന്നാണ് പിറന്നത്. 42, 62 മിനിട്ടുകളിലാണ് നൈജീരിയൻ താരം അൽ നസ്‌ർ വലയിൽ പന്തെത്തിച്ചത്. മത്സരത്തിലെ ഫൗളിന് റൊണാൾഡോ മഞ്ഞക്കാർഡും കണ്ടു. 56-ാം മിനിട്ടിൽ മൈതാനമധ്യത്തിൽ പന്തിനായി ഉയർന്നുചാടിയ റൊണാൾഡോ അനാവശ്യമായി അൽ ഹിലാൽ താരം ഗുസ്‌താവോ ക്വില്ലറിന്‍റെ കഴുത്തിൽ പിടിച്ച് താഴെയിടുകയായിരുന്നു. തന്‍റെ കൺമുൻപിൽ നടന്ന ഫൗളിന് ശിക്ഷയായി മഞ്ഞക്കാർഡ് നൽകാൻ റഫറി മൈക്കൽ ഒലിവറിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.
അൽ ഹിലാലിനെതിരായ തോൽവി അൽ നസ്‌റിന് തിരിച്ചടിയായി. കിരീടപ്പോരാട്ടത്തിൽ ഒന്നാമതുള്ള അൽ ഇത്തിഹാദിനൊപ്പം എത്താനുള്ള അവസരമാണ് നഷ്‌ടമായത്. നിലവിൽ 23 മത്സരങ്ങളിൽ നിന്ന് 17 ജയങ്ങളുമായി 56 പോയിന്‍റുമായാണ് അൽ ഇത്തിഹാദ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. രണ്ടാമതുള്ള അൽ നസ്റിന് 24 മത്സരങ്ങളിൽ നിന്ന് 53 പോയിന്‍റാണുള്ളത്. അൽ ഹിലാൽ 49 പോയിന്‍റുമായി നാലാമതാണ്.
മത്സരത്തിലെ ഇരട്ടഗോളുകളോടെ സൗദി പ്രോ ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിലും ഒഡിയൻ ഇഗാലോ ഒന്നാമതെത്തി. 18 ഗോളുകളാണ് ഇഗാലോ നേടിയിട്ടുള്ളത്. 16 ഗോളുകളുമായി അൽ നസ്‌ർ താരം ടലിസ്‌ക രണ്ടാമതാണ്. 11 ഗോളുകൾ നേടിയ റൊണാൾഡോ അഞ്ചാമതാണ്.