ലിസ്‌ബന്‍: ഖത്തര്‍ ലോകകപ്പിന് ശേഷവും അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ തുടരാനുള്ള ആഗ്രഹം വെളിപ്പെടുത്തി പോര്‍ച്ചുഗീസ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2024ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസ്റ്റ്യാനോ പറഞ്ഞു. പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷന്‍റെ വാർഷിക അവാർഡ് ദാന ചടങ്ങിലാണ് താരം മനസ് തുറന്നത്.
'കുറച്ചു വർഷങ്ങൾ കൂടി ഫെഡറേഷന്‍റെ ഭാഗമാകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്ക് ഇപ്പോഴും പ്രചോദനം തോന്നുന്നു, എന്‍റെ അഭിലാഷങ്ങള്‍ ഉയർന്നതാണ്.
ദേശീയ ടീമിനൊപ്പമുള്ള എന്‍റെ യാത്ര അവസാനിച്ചിട്ടില്ല. നിലവാരമുള്ള നിരവധി യുവ താരങ്ങള്‍ നമുക്കുണ്ട്. ലോകകപ്പിൽ കളിക്കാന്‍ ഞാനുണ്ടാവും. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും ഞാൻ ആഗ്രഹിക്കുന്നു", റൊണാൾഡോ പറഞ്ഞു.