മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. യുണൈറ്റഡിന്‍റെ പുതിയ ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗിന്‍റെ വരും സീസണിലെ പദ്ധതികളിൽ തനിക്ക് ഇടം ലഭിക്കാനിടയില്ലെന്ന തോന്നൽ കൊണ്ടാണ് താരം ക്ലബ് വിടാൻ തയ്യാറെടുക്കുന്നത്. ജോസെ മൗറീഞ്ഞ്യോ പരിശീലിപ്പിക്കുന്ന ഇറ്റാലിയൻ ക്ലബ്ബായ എ.എസ്. റോമയിലേക്കോ കരിയര്‍ തുടങ്ങിയ സ്പോര്‍ട്ടിംഗ് ലിസ്ബണിലേക്കോ ചേക്കേറാനാണ് റൊണാള്‍ഡോ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ സീസണിലാണ് യുവന്‍റസിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. വലിയ പ്രതീക്ഷ നല്‍കിയ റൊണാൾഡോ പക്ഷേ നിരാശപ്പെടുത്തിയില്ല. ക്ലബ്ബിനുവേണ്ടി 24 ഗോളുകൾ നേടിയെങ്കിലും പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും യുണൈറ്റഡിന് വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാമത് ഫിനിഷ് ചെയ്‌തതിനാൽ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയുമില്ല. ഇതിനുപിന്നാലെയാണ് എറിക് ടെൻ ഹാഗിനെ പുതിയ പരിശീലകനായി നിയമിച്ചത്.