ലിസ്‌ബൺ : യൂറോ കപ്പ് യോഗ്യത റൗണ്ടിൽ പോർച്ചുഗൽ ഇന്ന് ബോസ്‌നിയയെ നേരിടും. വരാനിരിക്കുന്ന രണ്ട് യോഗ്യത മത്സരങ്ങളിൽ ടീമിൽ ഇടം നേടാനായാൽ അന്താരാഷ്‌ട്ര ഫുട്‌ബോളിലെ അത്യപൂർവ നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങുകയാണ് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്‌ട്ര ഫുട്‌ബോളിൽ 200 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ പുരുഷ താരമെന്ന റെക്കോഡാണ് ക്രിസ്റ്റ്യാനോയെ കാത്തിരിക്കുന്നത്.
കുവൈത്ത് ദേശീയ ടീമിനായി 2003 മുതൽ 2022 വരെയുള്ള കാലയളവിൽ 196 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ബദ്ർ അൽ മുതവയുടെ റെക്കോഡ് റൊണാൾഡോ നേരത്തെ മറികടന്നിരുന്നു. ഇതിന് പിന്നാലെയാണ് റൊണാൾഡോ 200 മത്സരങ്ങളെന്ന നേട്ടത്തിന് തൊട്ടരികിലെത്തി നിൽക്കുന്നത്. സജീവ ഫുട്‌ബോളിൽ റൊണാൾഡോയുടെ പ്രധാന എതിരാളിയായ ലയണൽ മെസി 175 മത്സരങ്ങളിലാണ് അർജന്‍റീനയ്‌ക്കായി കളത്തിലിറങ്ങിയത്. ഇത്രയും മത്സരങ്ങളിൽ നിന്നും 103 ഗോളുകളാണ് നേടിയിട്ടുള്ളത്.
അതേസമയം ദേശീയ കുപ്പായത്തിൽ കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം എന്നതിലപ്പുറം അന്താരാഷ്‌ട്ര ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനായി ഇതുവരെ 198 മത്സരങ്ങൾ കളിച്ച സൂപ്പർ താരം 122 ഗോളുകളുമായാണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.