മാഞ്ചസ്‌റ്റര്‍:ക്ലബ്ഫുട്‌ബോളില്‍ പുതിയ ചരിത്രം കുറിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 700 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരെയായ മത്സരത്തിലാണ് സിആര്‍7 ന്‍റെ ചരിത്രനേട്ടം. കരിയറിലെ 934-ാം മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാഴികകല്ല് പിന്നിട്ടത്.
അന്താരാഷ്‌ട്ര പുരുഷ ഫുട്‌ബോളിലെയും ചാമ്പ്യൻസ് ലീഗിലെയും മുൻനിര ഗോൾ സ്‌കോറർ കൂടിയാണ് റൊണാൾഡോ. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനായി കരിയറില്‍ ഇതുവരെ 144 ഗോളുകള്‍ നേടിയിട്ടുണ്ട്. റയല്‍ മാഡ്രിഡിനായി 450, യുവന്‍റസിനായി 101, സ്‌പോര്‍ട്ടിങ് ലിസ്‌ബണിന് വേണ്ടി അഞ്ച് ഗോളുകളുമാണ് റൊണാള്‍ഡോയുടെ സമ്പാദ്യം.
പ്രീമിയര്‍ ലീഗിന്‍റെ ഈ സീസണില്‍ റൊണാള്‍ഡോ ആദ്യ ഗോളാണ് എവര്‍ട്ടണെതിരായ മത്സരത്തില്‍ നേടിയത്. അതേസമയം കരിയറില്‍ മിന്നും നേട്ടം കൈവരിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രകടനത്തില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗും സന്തോഷവാനാണ്.
കരിയറില്‍ 700 ഗോളുകള്‍ നേടുക എന്നത് ഒരു വലിയ കാര്യമാണ്. അദ്ദേഹം പുറത്തെടുക്കുന്ന കളിമികവില്‍ സന്തോഷവാനാണ്. ആ നേട്ടത്തെ അഭിനന്ദിക്കുന്നു.
നിലവിലെ പ്രീമിയര്‍ ലീഗ് സീസണില്‍ അദ്ദേഹത്തിന്‍റെ ആദ്യ ഗോളിനായി കാത്തിരിക്കേണ്ടി വന്നു. ഈ സീസണില്‍ ഇനിയും കൂടുതല്‍ ഗോളുകള്‍ നേടാന്‍ റൊണാള്‍ഡോയ്‌ക്ക് സാധിക്കുമെന്നും യുണൈറ്റഡ് പരിശീലകന്‍ ടെന്‍ ഹാഗ് അഭിപ്രായപ്പെട്ടു.
കരിയറില്‍ 700 ഗോളുള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഭിനന്ദിച്ച് ഇതിഹാസ താരം ഫ്രാങ്ക് ലംപാര്‍ഡും രംഗത്തെത്തി. ഇപ്പോഴത്തെ കാലഘട്ടത്തില്‍ ഫുട്‌ബോളിനെ മികച്ചതാക്കാന്‍ കഴിഞ്ഞ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് റൊണാള്‍ഡോ. ഇക്കാലഘട്ടത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരായ മെസിയും റൊണാള്‍ഡോയും തമ്മിലുള്ള താരതമ്യം പോലും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയവഴിയില്‍ ചുവന്ന ചെകുത്താന്മാര്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിക്കെതിരെ തോല്‍വി വഴങ്ങിയതിന് ശേഷമാണ് യുണൈറ്റഡ് എവര്‍ട്ടണെതിരെ വിജയമധുരം രുചിച്ചത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡ് വിജയം. ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ 700 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മത്സരത്തില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനായി വിജയഗോള്‍ എതിര്‍ വലയിലെത്തിച്ചത്.
മത്സരത്തില്‍ എവര്‍ട്ടണ്‍ ആണ് ആദ്യ ഗോള്‍ നേടിയത്. അഞ്ചാം മിനുട്ടില്‍ അലക്‌സ് ഇവോബിയിലൂടെയാണ് എവര്‍ട്ടണ്‍ യുണൈറ്റഡിനെ ഞെട്ടിച്ചത്. എന്നാല്‍ പത്ത് മിനിട്ടുകള്‍ക്ക് ശേഷം യൂണൈറ്റഡ് താരം ആന്‍റണി സമനില ഗോള്‍ സ്വന്തമാക്കി.
മത്സരത്തിന്‍റെ 29-ാം മിനുട്ടില്‍ മാര്‍ഷ്യല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് പകരക്കാരനായി ക്രിസ്റ്റ്യാനോയെത്തിയത്. തുടര്‍ന്ന് 44ാം മിനുട്ടില്‍ ഗോള്‍ നേടി റൊണാള്‍ഡോ ചരിത്രനേട്ടവും ആഘോഷിച്ചു. പ്രീമിയര്‍ ലീഗില്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.
എട്ട് മത്സരങ്ങളില്‍ അഞ്ച് ജയമുള്ള യുണൈറ്റഡിന് 15 പോയിന്‍റാണുള്ളത്. 24 പോയിന്‍റുള്ള ആഴ്‌സണലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ സിറ്റിക്ക് 23 പോയിന്‍റുണ്ട്.