കേരളം

kerala

ETV Bharat / sports

'ബാഹ്യശക്തികള്‍ക്ക് ഞങ്ങളെ തകര്‍ക്കാന്‍ കഴിയില്ല, ലക്ഷ്യത്തിനായി ഒരുമിച്ച് തന്നെ പോരാടും'; വിവാദങ്ങളില്‍ പ്രതികരിച്ച് റൊണാള്‍ഡോ

ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പകരക്കാരനായാണ് പോര്‍ച്ചുഗല്‍ പരിശീലകന്‍ കളിപ്പിച്ചത്. ഇതിന് പിന്നാലെ ടീമിനുള്ളില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നും സൂപ്പര്‍ താരം ഉടന്‍ ടീം ക്യാമ്പ് വിടുമെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി റൊണാള്‍ഡോ തന്നെ രംഗത്തെത്തിയത്.

Cristiano Ronaldo  Cristiano Ronaldo Tweet  Cristiano Ronaldo rumors  Cristiano Ronaldo Portugal news  portugal vs morocco  fifa world cup 2022  റൊണാള്‍ഡോ  വിവാദങ്ങളില്‍ പ്രതികരിച്ച് ക്രിസ്റ്റ്യാനോ  ലോകകപ്പ്  പോര്‍ച്ചുഗല്‍  ഫിഫ ലോകകപ്പ് 2022  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Portugal

By

Published : Dec 9, 2022, 7:59 AM IST

ദോഹ: ലോകകപ്പില്‍ പന്ത് തട്ടുന്ന പോര്‍ച്ചുഗല്‍ ടീമിനുള്ളില്‍ പടലപിണക്കവും പ്രശ്‌നങ്ങളും ആണെന്ന അഭ്യൂഹങ്ങള്‍ തള്ളി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ നായകനെ പകരക്കാരുടെ ബെഞ്ചിലിരുത്തിയ പരിശീലകന്‍റെ നടപടിക്ക് പിന്നാലെ ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ കത്തിപുകയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സൂപ്പര്‍ താരം നടപടിയില്‍ പ്രതിഷേധിച്ച് ടീം ക്യാമ്പ് വിട്ടേക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് ടീമിനും തനിക്കുമെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി സിആര്‍7 തന്നെ രംഗത്തെത്തിയത്. നിലവില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തള്ളി ട്വിറ്ററിലൂടെയാണ് റൊണാള്‍ഡോ പ്രതികരണം നടത്തിയത്.

'അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ടീമിലുള്ളവരെല്ലാം. അതുകൊണ്ട് തന്നെ ഒരു ബാഹ്യശക്തിക്കും അതിനെ തകര്‍ക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ള സംഭവങ്ങളൊന്നും ധീരരായ പോര്‍ച്ചുഗീസുകാരെ ഭയപ്പെടുത്തുന്നതല്ല. വാക്കിനോട് നീതി പുലര്‍ത്തിക്കൊണ്ടാണ് ഒത്തിണക്കത്തോടെ ഈ ടീം കളിക്കുന്നതും പരമമായ ലക്ഷ്യത്തിന് വേണ്ടി പോരാടുന്നതും', റൊണാള്‍ഡോ ട്വീറ്റ് ചെയ്‌തു.

ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസിന്‍റെ ഹാട്രിക് മികവിലാണ് പറങ്കിപ്പട സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്തത്. ഒന്നിനെതിരെ ആറ് ഗോളിന്‍റെ ജയത്തോടെയാണ് പോര്‍ച്ചുഗല്‍ അവസാന എട്ടില്‍ പ്രവേശിച്ചത്. ഡിസംബര്‍ 10ന് നടക്കുന്ന ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍.

Also Read:ലോകകപ്പിലെ തോൽവി; സ്‌പെയിനിന്‍റെ പരിശീലക സ്ഥാനമൊഴിഞ്ഞ് ലൂയിസ് എൻറിക്വെ

ABOUT THE AUTHOR

...view details