റിയാദ്:മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസ്‌ര്‍ എഫ്‌സി ചേര്‍ന്നു. 2025 വരെയാണ് കരാര്‍. സൂപ്പര്‍ താരത്തിന് പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറാണ് ക്ലബ്ബില്‍ നിന്നും ലഭിക്കുന്ന വരുമാനം.
ക്രിസ്റ്റ്യാനോയുമായി കരാറൊപ്പിട്ട വിവരം ക്ലബ്ബ് തന്നെയാണ് പുറത്തുവിട്ടത്. ടീമിന്‍റെ ജേഴ്‌സിയുമായി താരം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. റൊണാള്‍ഡോയുടെ വരവ് ക്ലബ്ബിന് മാത്രമല്ല രാജ്യത്തെ ഫുട്‌ബോള്‍ മേഖലയ്‌ക്കാകെ പ്രചോദനമാകുമെന്ന വിലയിരുത്തലിലാണ് അല്‍ നസ്‌ര്‍ എഫ്‌സി ക്ലബ്ബ് അധികൃതര്‍.
യൂറോപില്‍ ആഗ്രഹിച്ചതെല്ലാം നേടാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണ്. ഏഷ്യയിലെ അനുഭവം മനസിലാക്കാനുള്ള ഏറ്റവും ശരിയായ സമയം ഇതാണെന്നാണ് തോന്നുന്നത്. പുതിയ ടീമിനൊപ്പം കളിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, എന്നും റൊണാള്‍ഡോ പ്രതികരിച്ചു.
നേരത്തെ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് ക്രിസ്റ്റ്യാനോ നല്‍കിയ അഭിമുഖം വിവാദമായതോടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബുമായുള്ള താരത്തിന്‍റെ ബന്ധവും അവസാനിച്ചത്. യുണൈറ്റഡില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് താരം അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു.
പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് തനിക്ക് ബഹുമാനമില്ല. എറിക് ടെന്‍ ഹാഗും യുണൈറ്റഡിലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ചിലരും ചേര്‍ന്ന് തന്നെ ക്ലബില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ ആരോപിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇംഗ്ലീഷ് ക്ലബ്ബ് വിട്ടത്.