റിയാദ്: പോര്‍ച്ചുഗീസ് സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ ക്ലബ് അല്‍ നസ്‌ര്‍ അവതരിപ്പിച്ചത്. ഗംഭീര സ്വീകരണത്തിനുശേഷം 37കാരനായ താരം മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിച്ചിരുന്നു. യൂറോപ്പിലെ തന്‍റെ ജോലി കഴിഞ്ഞെന്നും ഇനി ഏഷ്യയ്ക്ക് വേണ്ടി പൊരുതേണ്ട സമയമായെന്നും സൂപ്പര്‍ താരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ വാര്‍ത്താസമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോയ്‌ക്ക് പറ്റിയ ഒരു നാക്ക് പിഴ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. 'സൗദി അറേബ്യ' എന്ന് പറയുന്നതിന് 'സൗത്ത് ആഫ്രിക്ക'യില്‍ വന്നത് തന്‍റെ കരിയറിന്‍റെ അവസാനമല്ലെന്നാണ് താരം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.
"ഫുട്ബോൾ വ്യത്യസ്‌തമാണ്, അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം 'സൗത്ത് ആഫ്രിക്ക'യിലേക്ക് വരുന്നത് എന്‍റെ കരിയറിന്‍റെ അവസാനമല്ല. ഇക്കാരണത്താലാണ് ഞാൻ മാറാൻ ആഗ്രഹിക്കുന്നത്.
സത്യസന്ധമായി പറഞ്ഞാൽ ആളുകൾ പറയുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. ഞാൻ എന്‍റെ തീരുമാനം എടുത്തു. ഇവിടെ വന്നതിൽ ശരിക്കും സന്തോഷവാനാണ്", ക്രിസ്റ്റ്യാനോ പറഞ്ഞു.
ഇതോടെ ഏത് രാജ്യത്താണ് കളിക്കുന്ന ധാരണ പോലും ക്രിസ്റ്റ്യാനോയ്‌ക്ക് ഇല്ലേയെന്നാണ് പലരും ചോദിക്കുന്നത്. താരത്തെ ട്രോളി നിരവധിയാളുകളാണ് ട്വിറ്ററില്‍ രംഗത്തെത്ത് എത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസ്‌ര്‍ എഫ്‌സിയില്‍ ചേര്‍ന്നത്.
2025ല്‍ അവസാനിക്കുന്ന രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ താരമായിരിക്കെ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് താരവുമായുള്ള കരാര്‍ യുണൈറ്റഡ് അവസാനിപ്പിച്ചത്.
Also read:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: കുതിപ്പ് തുടര്‍ന്ന് യുണൈറ്റഡ്, ആഴ്‌സണലിനെ തളച്ച് ന്യൂകാസില്‍