റിയാദ് : സൗദിയിൽ ഗോൾ വേട്ട തുടർന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോ. സൗദി പ്രോ ലീഗിൽ ദമാക്ക് എഫ്‌സിക്കെതിരായ മത്സരത്തിൽ റൊണാൾഡോയുടെ ഹാട്രിക് മികവിൽ അൽ നസ്‌ർ തകർപ്പൻ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ 26 മിനിട്ടിനിടെ റൊണാൾഡോ നേടിയ ഗോളുകളുടെ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അൽ നസ്‌റിന്‍റെ വിജയം.
മത്സരത്തിന്‍റെ 18-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് റൊണാൾഡോ ആദ്യ ഗോൾ സ്വന്തമാക്കിയത്. പിന്നാലെ അഞ്ച് മിനിട്ടുകൾക്ക് ശേഷം 24-ാം മിനിട്ടിൽ തകർപ്പനൊരു ലോങ് റേഞ്ചറിലൂടെ താരം രണ്ടാം ഗോളും സ്വന്തമാക്കി. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് 44-ാം മിനിട്ടിൽ മൂന്നാം ഗോളും നേടി താരം തന്‍റെ ഹാട്രിക് പൂർത്തിയാക്കി.
ലീഗിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ ഉൾപ്പടെ എട്ട് ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം കരിയറിലെ തന്‍റെ 62-ാം ഹാട്രിക്കാണ് റൊണാൾഡോ ദമാക്ക് എഫ്‌സിക്കെതിരെ സ്വന്തമാക്കിയത്. 30 വയസിന് മുന്നേ 30 ഹാട്രിക്കുകളായിരുന്നു താരത്തിന്‍റെ പേരിൽ ഉണ്ടായിരുന്നത്. എന്നാൽ 30 പിന്നിട്ട ശേഷം എട്ട് വർഷത്തിനിടെ 32 ഹാട്രിക്കുകളാണ് താരം നേടിയത്.
നിലവിൽ 18 മത്സരങ്ങളിൽ നിന്ന് 43 വിജയവുമായി സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽ നസ്‌ർ. 18 മത്സരങ്ങളിൽ നിന്ന് 41 പോയിന്‍റുമായി അൽ- ഇത്തിഹാദാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 40 പോയിന്‍റുമായി അൽ-ഷബാബാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. മാർച്ച് 3ന് അൽ- ബാറ്റിനെതിരെയാണ് അൽ നസ്‌റിന്‍റെ അടുത്ത മത്സരം.