ദോഹ : വിശ്വ കിരീടം മാത്രം ലക്ഷ്യംവച്ചാണ് ഏറെ വിവാദങ്ങള്‍ക്ക് നടുവിലും പോര്‍ച്ചുഗലിനൊപ്പം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇക്കുറി ഖത്തറിലെത്തിയത്. എന്നാല്‍ അട്ടിമറികള്‍ ഏറെ കണ്ട ഖത്തറില്‍ മോഹങ്ങള്‍ ബാക്കിവച്ച് നിരാശയോടെ മടങ്ങാന്‍ ക്രിസ്റ്റ്യാനോയും സംഘവും നിര്‍ബന്ധിതരായി. ക്വാര്‍ട്ടറില്‍ താരതമ്യേന ദുര്‍ബലരായ മൊറോക്കോയോടേറ്റ തോല്‍വിയാണ് പറങ്കിപ്പടയ്‌ക്ക് പുറത്തേക്ക് വഴിയൊരുക്കിയത്.
ഇനിയൊരു ലോകകപ്പിനുള്ള ബാല്യം 37കാരനായ ക്രിസ്റ്റ്യാനോയ്‌ക്ക് ഇല്ലെന്നുറപ്പാണ്. എന്നാല്‍ സ്വന്തം പാളയത്തിലും ഒറ്റപ്പെട്ടുള്ള താരത്തിന്‍റെ കണ്ണീര്‍ മടക്കം ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചുപിളര്‍ക്കുന്നതായിരുന്നുവെന്നുറപ്പ്. ഖത്തറില്‍ ഘാനയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ നേട്ടത്തോടെയാണ് ക്രിസ്റ്റ്യാനോ തുടങ്ങിയത്. മത്സരത്തിന്‍റെ 69ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ചരിത്രത്തിലേക്ക് കൂടിയായിരുന്നു താരം പന്തടിച്ചത്.
ഇതോടെ അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടവും ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോഡും സ്വന്തമാക്കാന്‍ 37കാരനായ ക്രിസ്റ്റ്യാനോയ്‌ക്ക് കഴിഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതിരുന്ന താരം ഒടുവില്‍ പകരക്കാരുടെ ബഞ്ചിലെത്തി.
പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ആദ്യ ഇലവനില്‍ റോണോയില്ലാതെ ഇറങ്ങിയ പറങ്കിപ്പട ഗോളടിച്ച് കൂട്ടിയതോടെ താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കനം വയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്ക് എതിരെയും ക്രിസ്റ്റ്യാനോയെ ആദ്യ ഇവലനില്‍ നിന്നും പുറത്തിരുത്താനാണ് പരിശീലകന്‍ സാന്‍റോസ് തീരുമാനിച്ചത്.
മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കെ രണ്ടാം പകുതിയുടെ 51ാം മിനിട്ടിലാണ് റോണോയെ സാന്‍റോസ് കളത്തിലിറക്കിയത്. ഇതോടെ പുത്തന്‍ ഉണര്‍വോടെ കളിച്ച പറങ്കിപ്പട നിരന്തരം മൊറോക്കന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ച് കയറിയെങ്കിലും ഗോള്‍ അകന്ന് നിന്നത് തിരിച്ചടിയായി. ഒടുവില്‍ റഫറി ഫൈനല്‍ വിസില്‍ മുഴക്കുമ്പോള്‍ കളിക്കളത്തില്‍ അയാള്‍ ഒറ്റയ്‌ക്കായിരുന്നു.
Also read:'ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ വിലകുറച്ച് കാണാനാവില്ല' ; സാന്‍റോസിനെതിരെ പൊട്ടിത്തെറിച്ച് ജോർജിന റോഡ്രിഗസ്
മൈതാനത്ത് മുട്ടുകുത്തിയിരുന്ന് കരയുന്ന റോണോയുടെ ദൃശ്യം ഏറെ നെടുവീര്‍പ്പോടെയാണ് ആരാധകര്‍ കണ്ടുതീര്‍ത്തത്. വിജയം ആഘോഷിക്കുന്നതിനിടെയിലും മൊറോക്കന്‍ താരങ്ങള്‍ മാത്രമാണ് ക്രിസ്റ്റ്യാനോയെന്ന ഇതിഹാസത്തെ ആശ്വസിപ്പിക്കാനെത്തിയത്. ഒടുവില്‍ കണ്ണീരടക്കാനാവാതെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം മൈതാനത്ത് നിന്ന് തിരികെ നടക്കുമ്പോള്‍ സ്വന്തം പാളയത്തിലും ഒറ്റപ്പെട്ട രാജാവായി അയാള്‍ മാറി.