ഓള്‍ഡ് ട്രഫേര്‍ഡ് :2002-03 സീസണില്‍ 17 വയസുള്ളപ്പോഴാണ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനമായി യുവേഫ കപ്പിന്റെ (ഇപ്പോൾ യൂറോപ്പ ലീഗ് ) ആദ്യ റൗണ്ടിൽ കളിച്ചത്. സ്‌പോര്‍ട്ടിങ് ലിസ്‌ബണിന് വേണ്ടി റൊണാള്‍ഡോ ആദ്യ യുവേഫ കപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ സെര്‍ബിയന്‍ ക്ലബ് പാർട്ടിസാന്‍ ബെൽഗ്രേഡായിരുന്നു എതിരാളികള്‍. പോര്‍ച്ചുഗലില്‍ നടന്ന ആദ്യ പാദ മത്സരം സെര്‍ബിയന്‍ ക്ലബ്ബ് 3-1 ന് വിജയിച്ചു.
ആ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി ആയിരുന്നു റൊണാള്‍ഡോയുടെ അരങ്ങേറ്റം. പാർട്ടിസാന്‍ ബെൽഗ്രേഡിനെതിരെ രണ്ടാം പാദ മത്സരരത്തിനെത്തിയപ്പോള്‍ റൊണാള്‍ഡോയ്‌ക്ക് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധിച്ചു. മത്സരത്തില്‍ ഒരു അസിസ്റ്റ് മാത്രമായിരുന്നു പതിനേഴുകാരന്‍റെ പേരിലുണ്ടായിരുന്നത്.
74 മിനിട്ടാണ് അന്ന് റൊണാള്‍ഡോ മൈതാനത്ത് ചെലവഴിച്ചത്. ആവേശകരമായ മത്സരത്തില്‍ 6-4 എന്ന സ്‌കോറിനായിരുന്നു സെര്‍ബിയന്‍ ക്ലബ്ബിന്‍റെ വിജയം. അതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പിന്നീട് യൂറോപ്പ ലീഗില്‍ കളിച്ചിരുന്നില്ല.
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് പുറമെ റയല്‍ മാഡ്രിഡ്, യുവന്‍റസ് ടീമുകള്‍ക്കായും റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചിരുന്നു. കരിയറില്‍ 140 ഗോളുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ സമ്പാദ്യം. റയല്‍ മാഡ്രിഡിനൊപ്പം അഞ്ച് പ്രാവശ്യം കിരീടം ഉയര്‍ത്താനും റൊണാള്‍ഡോയ്‌ക്ക് സാധിച്ചിട്ടുണ്ട്.
നിലവിലെ സീസണില്‍ കഥ വ്യത്യസ്‌തമാണ്. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂറോപ്പിലെ രണ്ടാം നിര ലീഗില്‍ പന്ത് തട്ടാനിറങ്ങുന്നത്. യൂറോപ്പ ലീഗില്‍ റയല്‍ സോസിഡാഡാണ് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്‍റെ എതിരാളികള്‍.
റൊണാൾഡോയ്ക്ക് യൂറോപ്പ ലീഗ് അപരിചിതമായ ഒന്നാണെങ്കിലും എതിരാളികളായ റയൽ സോസിഡാഡിനെതിരെ മികച്ച റെക്കോഡാണ് താരത്തിനുള്ളത്. റയൽ സോസിഡാഡിനെതിരെ 9 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ രണ്ട് ഹാട്രിക് ഉള്‍പ്പടെ 15 ഗോളുകള്‍ സ്വന്തമാക്കി. റയല്‍ മാഡ്രിഡിന് വേണ്ടിയുള്ള ഈ നേട്ടം മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനായി റൊണാള്‍ഡോ തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. യൂറോപ്പ ലീഗിനിറങ്ങുമ്പോള്‍ റെഡ് ഡെവിള്‍സിന്‍റെ മുന്നേറ്റ നിരയില്‍ റൊണാള്‍ഡോയുണ്ടാകുമെന്ന സൂചന പരിശീലകന്‍ നല്‍കിയിട്ടുണ്ട്.