റിയാദ്:പുതിയ ക്ലബായ അല്‍ നസ്‌റില്‍ ചേരുന്നതിനായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റിയാദിലെത്തി. തിങ്കളാഴ്‌ച അര്‍ധ രാത്രിയോടെയാണ് 37കാരനായ ക്രിസ്റ്റ്യാനോ റിയാദില്‍ വിമാനമിറങ്ങിയത്. പങ്കാളി ജോര്‍ജിന റോഡ്രിഗസും മക്കളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തോടൊപ്പം പ്രത്യേക വിമാനത്തിലായിരുന്നു താരത്തിന്‍റെ വരവ്.
റിയാദ് വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് ക്രിസ്റ്റ്യാനോയ്‌ക്ക് അല്‍ നസ്‌ര്‍ അധികൃതര്‍ നല്‍കിയത്. താരത്തിന്‍റെ വരവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു. മാധ്യമങ്ങൾക്കോ ആരാധകർക്കോ വിമാനത്താവള പരിസരത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
അവസാന മെഡിക്കൽ ടെസ്റ്റിന് പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ട് താരത്തെ ക്ലബ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. പ്രദേശിയ സമയം വൈകീട്ട് ഏഴിന് അൽ നസ്റിന്‍റെ തട്ടകമായ മർസൂൽ പാര്‍ക്കിലാണ് പരിപാടി നടക്കുക. ഇതിന്‍റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നിരുന്നു. ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്ത് റിയാദില്‍ നിരവധി പരസ്യബോർഡുകളും ഉയർന്നിട്ടുണ്ട്.
അതേസയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറിനാണ് അല്‍ നസ്‌ര്‍ എഫ്‌സിയില്‍ ചേര്‍ന്നത്. 2025ല്‍ അവസാനിക്കുന്ന രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. ക്ലബിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പ്രഖ്യാപനമുണ്ടായത്.
Also read:അത് എമിക്ക് കിട്ടിയ പണിയല്ല; ബെഞ്ചിലിരുത്തിയതില്‍ വിശദീകരണവുമായി ഉനായ് എമെറി