ലണ്ടന്‍: കഴിഞ്ഞ ഏതാനും മാസങ്ങളിലായി തന്നെ സംബന്ധിച്ച് മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുന്നായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പുറത്ത് വന്ന 100 വാര്‍ത്തകളില്‍ അഞ്ചെണ്ണം മാത്രമാണ് ശരിയെന്നും ഒരു ആരാധകന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്‍റായാണ് റൊണാള്‍ഡോ പ്രതികരിച്ചത്.
"വരും ആഴ്‌ചകളിലുള്ള അഭിമുഖങ്ങളിലൂടെ അവര്‍ക്ക് സത്യം മനസിലാകും. മീഡിയ കള്ളം പറയുകയാണ്. എന്‍റെ പക്കല്‍ നോട്ട്‌ബുക്കുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി എന്നെ സംബന്ധിച്ച 100 വാര്‍ത്തകളില്‍ അഞ്ചെണ്ണം മാത്രമാണ് സത്യം. എങ്ങനെയെന്ന് ചിന്തിച്ചുനോക്കു", ക്രിസ്റ്റ്യാനോ കുറിച്ചു.
സമ്മര്‍ വിന്‍ഡോയിലൂടെ ക്രിസ്റ്റ്യാനോ ക്ലബ് വിടാന്‍ ശ്രമം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. യുണൈറ്റഡിന് പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടാനാവാത്തതില്‍ താരം നിരാശനാണ്. ഇതോടെ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിയുന്ന ടീമിന്‍റെ ഭാഗമാവാനാണ് ക്രിസ്റ്റ്യാനോ ശ്രമം നടത്തുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. ടീമിന്‍റെ പ്രീ സീസണ്‍ പര്യടനങ്ങളില്‍ നിന്നും താരം വിട്ടുനിന്നതും വലിയ വാര്‍ത്തയായിരുന്നു.
അതേസമയം ഉചിതമായ ഓഫർ വന്നാൽ ക്രിസ്റ്റ്യാനോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കൈമാറിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നേരത്തെ താരത്തെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും തന്‍റെ പദ്ധതികളില്‍ ക്രിസ്റ്റ്യാനോയും ഉണ്ടെന്നുമാണ് എറിക് ടെന്‍ ഹാഗ് പറഞ്ഞിരുന്നത്. യുവന്‍റസില്‍ നിന്നും കഴിഞ്ഞ വര്‍ഷം യുണൈറ്റഡിലെത്തിയ താരത്തിന് ഒരുവര്‍ഷത്തെ കൂടെ കരാര്‍ അവശേഷിക്കുന്നുണ്ട്.
എന്നാല്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ പുതിയ സീസണിനിറങ്ങിയ യുണൈറ്റഡിന് ജയം പിടിക്കാനായിട്ടില്ല. ആദ്യ മത്സരത്തില്‍ ബ്രൈട്ടണോട് 2-1ന് തോറ്റ സംഘം രണ്ടാം മത്സരത്തില്‍ ബ്രെന്‍റ്‌ഫോര്‍ഡിന് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് കീഴടങ്ങിയത്. രണ്ട് മത്സരത്തിലും ക്രിസ്റ്റ്യാനോ കളിച്ചിരുന്നുവെങ്കിലും വല കുലുക്കാന്‍ സാധിച്ചിരുന്നില്ല.