ഖത്തർ: 'ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്‍റീന vs പോർച്ചുഗൽ മത്സരം. ഫൈനലിൽ രണ്ട് ഗോളുമായി റൊണാൾഡോ. രണ്ട് ഗോളുമായി മെസി. മത്സരം സമനിലയിലേക്ക്. 94-ാം മിനിട്ടിൽ മൂന്നാം ഗോളുമായി ഹാട്രിക് തികച്ച് റൊണാൾഡോ. പോർച്ചുഗല്ലിന് ലോകകപ്പ്'. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള അഭിമുഖത്തിൽ ബ്രിട്ടീഷ് പത്രപ്രവർത്തകനായ പിയേഴ്‌സ് മോർഗൻ സൃഷ്‌ടിച്ച സാങ്കൽപ്പിക ലോകകപ്പ് ഫൈനലായിരുന്നു ഇത്. എന്നാൽ ഇങ്ങനെ സംഭവിച്ചാൽ, പോർച്ചുഗൽ ലോകകപ്പ് കിരീടം നേടിയാൽ താൻ വിരമിക്കുമെന്നായിരുന്നു റൊണാൾഡോയുടെ മറുപടി.
നിങ്ങളുടെ സങ്കൽപ്പത്തിലെ ഫൈനൽ ഇഷ്‌ടമായി. പോർച്ചുഗൽ ഗോൾകീപ്പർ ഗോൾ നേടിയാലും, തന്‍റെ ടീം ലോകകപ്പ് നേടിയാലും കളിക്കളത്തിലെ ഏറ്റവും സന്തോഷമുള്ള മനുഷ്യൻ ഞാനായിരിക്കും. ഒരു പക്ഷേ അങ്ങനെ സംഭവിച്ചാൽ എന്‍റെ ഫുട്‌ബോൾ ജീവിതം പൂർത്തിയാകും. ഞാൻ വിരമിക്കും, റൊണാൾഡോ പറഞ്ഞു.
മെസി ടോപ് ക്ലാസ്: കഴിഞ്ഞ 16 വർഷങ്ങളായി കളിക്കളത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ലയണൽ മെസിയോടുള്ള തന്‍റെ ആരാധനയും റൊണാൾഡോ പങ്കുവച്ചു. മെസി ഒരു മികച്ച കളിക്കാരനാണ്. മാജിക്, ടോപ്പ്. വ്യക്‌തികളെന്ന നിലയിൽ ഞങ്ങൾ 16 വർഷമായി വേദി പങ്കിടുന്നു. സങ്കൽപ്പിച്ച് നോക്കൂ...16 വർഷങ്ങൾ. അതിനാൽ തന്നെ എനിക്ക് മെസിയുമായി മികച്ച ബന്ധമുണ്ട്, റൊണാൾഡോ വ്യക്‌തമാക്കി.
നിങ്ങളുടെ വീട്ടിൽ വരുന്നതോ, അല്ലെങ്കിൽ സ്ഥിരമായി ഫോണിൽ സംസാരിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഒരു സുഹൃദ് ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ല. അങ്ങനെ നോക്കിയാൽ ഞാൻ മെസിയുടെ സുഹൃത്തല്ല. പക്ഷേ ഇത് ഒരു ടീം അംഗങ്ങൾ തമ്മിലുള്ള ബന്ധം പോലെയാണ്. മെസി എന്നെക്കുറിച്ച് സംസാരിക്കുന്ന രീതിയെ ഞാൻ ഏറെ ബഹുമാനിക്കുന്നു.
ഫുട്ബോളിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യുന്ന ഒരു മഹാൻ. അതിനപ്പുറം മെസിയെക്കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്. കൂടാതെ അദ്ദേഹത്തിന്‍റെ ഭാര്യയും എന്‍റെ കാമുകിയും തമ്മിലും പരസ്‌പര ബഹുമാനമുണ്ട്. അവർ രണ്ട് പേരും അർജന്‍റീനയിൽ നിന്നുള്ളവരാണ്. റൊണാൾഡോ പറഞ്ഞു.