ന്യൂഡൽഹി: ജാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധിയെ ചോദ്യം ചെയ്‌ത് ഇന്ത്യൻ മുൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി സിങ് ധോണി. ട്വിറ്ററിലൂടെയാണ് സംസ്ഥാനത്തെ നിരന്തമായുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധിയുടെ കാരണം സാക്ഷി ചോദ്യം ചെയ്‌തത്. സംസ്ഥാനത്ത് എന്തുകൊണ്ടാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നതെന്ന് നികുതിദായക എന്ന നിലയിൽ അറിയണമെന്നാണ് സാക്ഷി ട്വീറ്റ് ചെയ്‌തത്.
'ജാർഖണ്ഡിലെ ഒരു നികുതിദായക എന്ന നിലയിൽ സംസ്ഥാനത്ത് ഇത്രയും വർഷങ്ങളായി വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ ആഗ്രഹിക്കുന്നു? ഊർജം ലാഭിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ പങ്ക് ചെയ്യുന്നത്!' സാക്ഷി ട്വീറ്റ് ചെയ്‌തു
രാജ്യത്തെ പവർ പ്ലാന്‍റുകളിൽ കൽക്കരി ക്ഷാമം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സാക്ഷിയുടെ ട്വീറ്റ്. സംസ്ഥാനത്തിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് അനുഭവപ്പെടുന്നതിനാൽ ഉഷ്‌ണ തരംഗവും അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിൽ വൈദ്യുതി തടസവും ജനജീവിതം ദുഃസഹമാക്കുന്നു.
അതിനിടെ വൈദ്യുതി നിലയങ്ങളിലേക്കുള്ള കൽക്കരി ഗതാഗതം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ഊർജ മന്ത്രി ആർകെ സിങ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തി. തടസമില്ലാത്ത വൈദ്യുതി വിതരണത്തിനായി കൈകോർത്ത് പ്രവർത്തിക്കാൻ കേന്ദ്ര-സംസ്ഥാന തലത്തിലുള്ള എല്ലാ പങ്കാളികളോടും സിങ് അഭ്യർഥിച്ചു.
പവർ പ്ലാന്‍റുകളിലേക്ക് കൽക്കരി എത്തിക്കാൻ കൂടുതൽ റേക്കുകൾ വിന്യസിച്ചതായി റെയിൽവേ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പവർ പ്ലാന്‍റുകളിലുടനീളം വേഗത്തിലുള്ള കൽക്കരി വിതരണം ഉറപ്പാക്കാൻ അധിക ട്രെയിനുകളും റേക്കുകളും ആരംഭിച്ചതായും റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.