ന്യൂഡൽഹി : മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ നിന്ന് തുടർച്ചയായി തഴയപ്പെടുന്ന സഞ്ജു സാംസണിന് പിന്തുണയറിയിച്ച് കൂടുതൽ താരങ്ങൾ രംഗത്ത്. ന്യൂസിലൻഡ് പര്യടനത്തിൽ ടീമിൽ ഇടം പിടിച്ചെങ്കിലും താരത്തിനെ ടി20 പരമ്പരയിലെ ഒരു മത്സരത്തിൽ പോലും കളത്തിലിറക്കിയിരുന്നില്ല. ഇതിനെതിരെ വൻ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തിയതിന് പിന്നാലെയാണ് ക്രിക്കറ്റ് താരങ്ങളും സഞ്ജുവിന് അവസരം നൽകണം എന്ന ആവശ്യമുന്നയിച്ച് മുന്നോട്ടെത്തിയത്.
പന്ത് ബാധ്യത : റിഷഭ് പന്ത് ടീമിന് ഒരു ബാധ്യതയായി മാറിക്കഴിഞ്ഞു എന്നാണ് മുൻ ഇന്ത്യൻ താരം റിതീന്ദർ സിങ് സോധി പറഞ്ഞത്. 'പന്തിന്‍റെ പ്രകടനം ഇങ്ങനെയാണെങ്കിൽ പകരം സഞ്ജുവിനെ കളിപ്പിക്കൂ. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ അവസരം നൽകാനാണ്. പരിധിയിൽ കൂടുതൽ അവസരം നൽകുമ്പോഴാണ് പ്രശ്‌നം. പുതിയ ആളുകൾക്ക് അവസരം നൽകേണ്ട സമയമായി.
പന്തിന് ഇനിയും എത്ര അവസരങ്ങൾ കിട്ടുമെന്ന് കണ്ടറിയണം. പ്രതിഭയോട് നീതി പുലർത്തേണ്ട സമയം പന്തിന് അതിക്രമിച്ചുകഴിഞ്ഞു. ഒരു താരത്തെ ഇതിൽ കൂടുതൽ ആശ്രയിക്കാനാകില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്. പ്രകടനം മോശമാണെങ്കിൽ ടീമിൽ നിന്ന് പുറത്താക്കുക തന്നെ വേണം' - സോധി പറഞ്ഞു.
ഇത് കടുത്ത അനീതി : സഞ്ജുവിന് അവസരം നൽകാത്തതിനെതിരെ പാകിസ്ഥാൻ മുൻ സ്‌പിന്നർ ഡാനിഷ് കനേരിയയും രംഗത്തെത്തി. 'സഞ്ജു സാംസണോട് ഇന്ത്യ കടുത്ത അനീതിയാണ് കാട്ടുന്നത്. റിഷഭ് പന്തിന് കഴിവ് തെളിയിക്കാൻ ഒരുപാട് അവസരങ്ങൾ നൽകിയെങ്കിലും അയാൾ എല്ലാം നഷ്‌ടപ്പെടുത്തി. ക്യാപ്‌റ്റനും കോച്ചും മാറിമാറി വന്നിട്ടും ടീം പന്തിൽ തന്നെ വിശ്വാസം അർപ്പിച്ചുകൊണ്ടിരിക്കുകയാണ്.