ടോക്കിയോ : ഒളിമ്പിക്‌സിനായി ജപ്പാനിലെത്തിയ കായിക താരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. സെര്‍ബിയന്‍ ഒളിമ്പിക് സംഘാംഗത്തിനാണ് രോഗം. അഞ്ച് അംഗ തുഴച്ചില്‍ സംഘത്തിന് ടോക്കിയോ വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് സംഘാംഗങ്ങളെയെല്ലാം വിമാനത്താവളത്തിന് സമീപത്തെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ പരിശീലന പരിപാടികളെല്ലാം റദ്ദാക്കിയതായി ഒളിമ്പിക് സംഘാടകര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ഒളിമ്പിക്‌സ് കൊവിഡ് പശ്ചാത്തലത്തിലാണ് മാറ്റിവെച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒളിമ്പിക്‌സ് മാറ്റിവെക്കുന്നത്. ടോക്കിയോ ഗെയിംസിന് മൂന്നാഴ്‌ചമാത്രം ശേഷിക്കെയാണ് പുതിയ കൊവിഡ് കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഒളിമ്പിക്‌സിനായി എത്തിയ രണ്ടംഗ ഉഗാണ്ടന്‍ സംഘത്തിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
Also Read:എറിക്‌സണ്‍ തിരിച്ചുവരുന്നു ; ബീച്ചിലെത്തിയ ചിത്രം വൈറല്‍
ടോക്കിയോ ഗെയിംസിനായി രാജ്യത്തിന് പുറത്തുനിന്നുള്ള കാണികളെ ഗാലറിയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് സംഘാടകര്‍. അതേസമയം ജപ്പാന്‍ സ്വദേശികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഇതേവരെ അന്തിമ തീരുമാനം ആയിട്ടില്ല. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിമ്പിക്‌സ്.