വില്ല പാർക്ക് : പ്രീമിയർ ലീഗിലേക്കുള്ള തന്‍റെ തിരിച്ചുവരവ് അതിഗംഭീരമായി ആഘോഷിക്കുകയാണ് ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീഞ്ഞോ. 2018 ജനുവരി ട്രാൻസ്‌ഫർ ജാലകത്തിലാണ് ക്ലബ്ബിന്‍റെ ചരിത്രത്തിലെ ഏറ്റവുമുയർന്ന തുക നൽകി കുട്ടീഞ്ഞോയെ ബാഴ്‌സ സ്വന്തമാക്കിയത്. എന്നാൽ ബാഴ്‌സയിൽ താരത്തിന് മികച്ച പ്രകടനം നടത്താനായില്ല. നാല് വർഷങ്ങൾക്കിപ്പുറം പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കായി താരം മികച്ച പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്.
ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ നിറഞ്ഞാടിയ താരം പ്രീമിയർ ലീഗിൽ തന്‍റെ സുവർണകാലം ഓർമപ്പെടുത്തി. ഒൻപതാം മിനിട്ടിൽ ലീഡ്‌സ് ആദ്യത്തെ ഗോൾ നേടിയതിനുശേഷമാണ് മിന്നുന്ന പ്രകടനം പുറത്തെടുത്തത്. 30-ാം മിനിട്ടിൽ സമനില ഗോൾ കണ്ടെത്തിയ താരം, ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് ജേക്കബ് റാംസി നേടിയ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു.
ലീഡ് കൈവിട്ട് രണ്ട് ഗോളുകൾ വഴങ്ങി ആസ്റ്റണ്‍ വില്ല മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും താരത്തിന്‍റെ പ്രകടനം പ്രശംസനീയമാണ്. ബാഴ്‌സലോണയിലും ഒരു വർഷം ലോണിൽ ബയേൺ മ്യൂണിക്കിലും കണ്ടെത്താൻ കഴിയാത്ത ഫോമാണ് തിരിച്ചുവരവിൽ താരം പുറത്തെടുക്കുന്നത്.