ജര്‍മനിയില്‍ ആയിരുന്നെങ്കില്‍ താങ്കള്‍ മേജര്‍ ആവുമായിരുന്നുവെന്ന് ഒരിന്ത്യന്‍ കായിക താരത്തെ നോക്കി ഒരിക്കല്‍ ഹിറ്റ്‌ലര്‍ പറഞ്ഞു. കായിക ലോകത്ത് ഒന്നുമല്ലാതിരുന്ന ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തിയ കായിക പ്രതിഭ, ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിനോട് 1936ലാണ് ഹിറ്റ്‌ലര്‍ ഇവ്വിധം പറഞ്ഞത്. കായികലോകം ആദരിച്ച ധ്യാന്‍ ചന്ദിന്‍റെ 115-ാമത് ജന്മദിനമാണിന്ന്. രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുകയാണ് ഈ ദിവസം.
ഈ കായിക പ്രതിഭയുടെ പേരില്‍ ഒരു പുരസ്കാരം ഏര്‍പ്പെടുത്താന്‍ അദ്ദേഹം വിടപറഞ്ഞ് 33 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2012 മുതലാണ് ഈ മഹാന്‍റെ പേരില്‍ രാജ്യം പുരസ്കാരം നല്‍കി തുടങ്ങിയത്. 1905 ഓഗസ്റ്റ് 29ന് ഉത്തര്‍പ്രദേശില്‍ സുബേദാർ സമേശ്വർ ദത്ത് സിങ്ങിന്‍റെയും ശാരദാ ദേവിയുടെയും മകനായി ജനിച്ച ധ്യാന്‍ചന്ദ് 1928ലാണ് ആദ്യമായി കളിക്കാനിറങ്ങുന്നത്.
മേജര്‍ ബലേ തിവാരി കണ്ടെടുത്ത ആ ഹോക്കി താരം പിന്നീട് പരിശീലകന്‍ പങ്കജ് ഗുപ്‌തക്ക് കീഴില്‍ കോര്‍ട്ടിലെ മികവിലൂടെ ലോകത്തിന്‍റെ നെറുകയിലെത്തി. 1932, 1936 വര്‍ഷങ്ങളിലെ ഒളിമ്പിക്‌സുകളിലും ഇന്ത്യ ധ്യാന്‍ചന്ദിന്‍റെ നേതൃത്വത്തില്‍ നേട്ടം ആവര്‍ത്തിച്ചു. അങ്ങനെ രാജ്യത്തിനായി തുടര്‍ച്ചയായി മൂന്ന് തവണ ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ സ്വര്‍ണമെഡല്‍ നേടിത്തന്ന താരമായി ധ്യാന്‍ചന്ദ്. ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണകാലഘട്ടമായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത് നിരസിച്ചു.
അന്നത്തെ ബ്രാഹ്മിൻ റെജിമെന്‍റില്‍ ശിപായി ആയി തുടങ്ങിയ അദ്ദേഹം പിന്നീട് മേജറായാണ് വിരമിച്ചത്. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു. പത്മഭൂഷന്‍ നേടിയ രാജ്യത്തെ ഏക ഹോക്കി താരവും ധ്യാന്‍ചന്ദ് തന്നെ. കൊവിഡ് കാലത്തും ട്രാക്കിലെയും ഫീല്‍ഡിലെയും പുതിയ നേട്ടങ്ങള്‍ക്ക് കാത്തിരിക്കുന്ന ഇന്ത്യയ്ക്ക് ഒരു ദേശീയ കായിക ദിനം കൂടി കടന്നു പോവുകയാണ്. ഏറെ പ്രതിസന്ധികള്‍ക്കിടയിലും രാജ്യം ആ കായിക പ്രതിഭയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഔദ്യോഗിക ചടങ്ങുകള്‍ വെര്‍ച്വലായി നടത്തുകയാണ്. 1979 ഡിസംബര്‍ മൂന്നിനാണ് ധ്യാന്‍ചന്ദ് ഈ ലോകത്തോട് വിട പറഞ്ഞത്.