കേരളം

kerala

ETV Bharat / sports

'എല്‍ ക്ലാസിക്കോയില്‍ എഡര്‍ മിലിറ്റാവോയുടെ സെല്‍ഫ് ഗോള്‍',കോപ്പ ഡെല്‍ റേ ആദ്യ പാദ സെമിയില്‍ റയലിനെതിരെ ബാഴ്‌സയ്‌ക്ക് ജയം - ബാഴ്‌സലോണ

സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ഒന്നാം പാദ സെമിയില്‍ എഡര്‍ മിലിറ്റാവോയുടെ സെല്‍ഫ് ഗോളില്‍ 1-0നാണ് ബാഴ്‌സലോണ ജയിച്ചത്.

Etv Bharat
Etv Bharat

By

Published : Mar 3, 2023, 7:34 AM IST

മാഡ്രിഡ്: എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. കോപ്പ ഡെല്‍ റേ ഒന്നാം പാദ സെമി ഫൈനലിലാണ് ബാഴ്‌സലോണ ചിരവൈരികളായ റയല്‍ മാഡ്രിനെ തോല്‍പ്പിച്ചത്. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ എഡര്‍ മിലിറ്റാവോയുടെ സെല്‍ഫ് ഗോളിലാണ് ബാഴ്‌സലോണ ജയം പിടിച്ചത്.

രണ്ട് തുടര്‍ തോല്‍വികളുമായാണ് ബാഴ്‌സ എല്‍ ക്ലാസിക്കോ പോരാട്ടത്തിനായി സാന്‍റിയാഗൊ ബെര്‍ണബ്യൂവിലെത്തിയത്. മറുവശത്ത് റയലാകട്ടെ ലാ ലിഗ നാട്ടങ്ങത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് സമനില വഴങ്ങിയും. പതിഞ്ഞ താളത്തിലാണ് റയല്‍ ബാഴ്‌സ പോരാട്ടം തുടങ്ങിയത്.

മത്സരത്തിന്‍റെ 12-ാം മിനിട്ടില്‍ കരീം ബെന്‍സേമ ബാഴ്‌സ വലയില്‍ പന്തെത്തിച്ചെങ്കിലും താരം ഓഫ്‌സൈഡില്‍ കുടുങ്ങിയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. 24-ാം മിനിട്ടില്‍ റഫറിക്ക് ആദ്യ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. ബാഴ്‌സയുടെ മധ്യനിര താരാം ഫ്രെങ്കി ഡി ജോങിനെ ഫൗള്‍ ചെയ്‌തതിന് വിനീഷ്യസ് ജൂനിയറിന് യെല്ലോ കാര്‍ഡ് ലഭിച്ചു.

ഇതിന് പിന്നാലെയാണ് ബാഴ്‌സ മുന്നിലെത്തിയ റയലിന്‍റെ സെല്‍ഫ് ഗോള്‍ പിറന്നത്. പന്തുമായി റയല്‍ ബോക്‌സിലേക്ക് കുതിച്ചെത്തിയ ഫ്രാങ്കി കെസ്സി ഗോള്‍ വല ലക്ഷ്യമാക്കി തട്ടിയ പന്ത് കോര്‍ട്ടോയുടെ കാലിലിടിച്ച് തെറിച്ചു. ഈ പന്ത് നേരെയെത്തിയതാകട്ടെ റയല്‍ പ്രതിരോധ നിര താരം എഡര്‍ മിലിറ്റാവോയുടെ കാലിലേക്കും.

ക്ലിയര്‍ ചെയ്യുന്നത് മുന്‍പായി മിലിറ്റാവോയുടെ കാലില്‍ തട്ടി പന്ത് തിരികെ റയല്‍ വലയിലേക്ക് കയറി. റയലിനെതിരെ ബാഴ്‌സ 1-0ന് മുന്നില്‍. പിന്നാലെ ഗോള്‍ മടക്കാനുള്ള ശ്രമം റയല്‍ മാഡ്രിഡും ആരംഭിച്ചു. 41-ാം മിനിട്ടില്‍ ക്രൂസ് ഒരുക്കി നല്‍കിയ അവസരം കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ഡാനി കാര്‍വാളിന് സാധിക്കാതെ പോയി.

തുടര്‍ന്ന് മത്സരത്തിന്‍റെ ഒന്നാം പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ രണ്ട് ടീമിനും സാധിച്ചിരുന്നില്ല. 27-ാം മിനിട്ടില്‍ ലഭിച്ച സെല്‍ഫ് ഗോളിന്‍റെ മേധാവിത്വത്തിലാണ് ബാഴ്‌സ ആദ്യ പകുതി അവസാനിപ്പിച്ചത്. രണ്ടാം പകുതിയിലും ഗോള്‍ മടക്കാനുള്ള ശ്രമം ആതിഥേയര്‍ നടത്തിക്കൊണ്ടേയിരുന്നു.

എന്നാല്‍ റയലിന്‍റെ മുന്നേറ്റങ്ങളെല്ലാം ബാഴ്‌സ കൃത്യമായി പ്രതിരോധിച്ചുകൊണ്ടേയിരുന്നു. മത്സരത്തിന്‍റെ 72-ാം മിനിട്ടില്‍ ഗോളെന്നുറച്ച കെസ്സിയുടെ ഷോട്ട് സഹതാരം അന്‍സു ഫാത്തിയുടെ കാലുകളില്‍ തട്ടി പുറത്തേക്ക് പോയി. മറുവശത്ത് തന്ത്രങ്ങള്‍ മാറ്റി പരീക്ഷിച്ചിട്ടും ഗോള്‍ കണ്ടെത്താന്‍ മാത്രം റയല്‍ മാഡ്രിഡിന് സാധിച്ചില്ല.

നിശ്ചിത സമയത്തിന് ശേഷം 8 മിനിട്ടാണ് റഫറി അധികമായി നല്‍കിയത് ബാഴ്‌സ പ്രതിരോധം കടുപ്പിച്ചതോടെ ഈ സമയത്തും ഗോള്‍ മടക്കാന്‍ റയലിന് സാധിച്ചില്ല. ഒടുവില്‍ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ഗോള്‍ ലീഡുമായി സന്ദര്‍ശകര്‍ മടങ്ങി. ബാഴ്‌സയുടെ മൈതാനത്ത് ഏപ്രില്‍ ആറിനാണ് കോപ്പ ഡെല്‍ റേ രണ്ടാം പാദ സെമി ഫൈനല്‍ പോരാട്ടം.

Also Read:ഗോൾഡന്‍ നേട്ടത്തിന് ഗോൾഡന്‍ സമ്മാനം; അർജന്‍റൈൻ ടീം അംഗങ്ങൾക്ക് 35 സ്വർണ ഐഫോണുകളുമായി ലയണല്‍ മെസി

ABOUT THE AUTHOR

...view details