ബെര്‍ലിന്‍: യൂറോ കപ്പ് 2024-ന്‍റെ (Euro Cup 2024) നറുക്കെടുപ്പ് പൂര്‍ത്തിയായി (Euro 2024 group stage draw). ടൂര്‍ണമെന്‍റിന്‍റെ 17-ാം പതിപ്പിന് ജര്‍മനിയാണ് ആതിഥേയരാവുന്നത്. ജൂൺ 14 -ന് മ്യൂണിക്കിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയര്‍ക്ക് സ്കോട്‌ലൻഡാണ് എതിരാളി. തുടര്‍ന്ന് കരുത്തര്‍ പോരടിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോര് ജൂലൈ 14 ന് ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് നടക്കുക.
ആകെ 24 ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത് (Complete list of groups in Euro 2024). ആതിഥേയരെന്ന നിലയില്‍ ജര്‍മനിയും യൂറോപ്യൻ യോഗ്യത മത്സരങ്ങളിലൂടെ മറ്റ് 20 ടീമുകളും യോഗ്യത ഉറപ്പിച്ചപ്പോള്‍ ബാക്കിയുള്ള മൂന്ന് സ്ഥാനത്തേക്ക് പ്ലേ ഓഫിലൂടെയാണ് ടീമുകളെത്തുക. മാര്‍ച്ചിലാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുക.
ആകെയുള്ള 24 ടീമുകളേയും നാല് വീതമുള്ള ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് ഗ്രൂപ്പ് ഘട്ടം നടക്കുക. ഓരോ ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാക്കും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാം. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി മരണ ഗ്രൂപ്പായ ബിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
സ്പെയിന്‍, ക്രൊയേഷ്യ, അല്‍ബേനിയ എന്നിവരാണ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മറ്റ് ടീമുകള്‍. ഗ്രൂപ്പ് എയില്‍ കളിക്കാനിറങ്ങുന്ന ജര്‍മനിയ്‌ക്ക് സ്കോട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ്സർലന്‍ഡ് എന്നിവരാണ് എതിരാളി. ഗ്രൂപ്പ് സിയില്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെതിരെ സ്ലോവേനിയ, ഡെന്മാർക്ക്, സെർബിയ ടീമുകളാണ് പോരടിക്കുന്നത്.
ALSO READ:'അർജന്‍റീനയ്ക്കായി ഇനിയും ലോക കിരീടം', 2026ലും ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ടെന്ന് മെസി
ഗ്രൂപ്പ് ഡിയില്‍ ഇറങ്ങുന്ന ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാൻസിനെതിരെ നെതർലാൻഡ്‌സ്, ഓസ്ട്രിയ എന്നിവര്‍ക്ക് പുറമെ പ്ലേ ഓഫിലൂടെ എത്തുന്ന മറ്റൊരു ടീമുമാണ് കളിക്കുക. ഗ്രൂപ്പ് ഇയില്‍ ബെൽജിയം, സ്ലൊവാക്യ, റൊമാനിയ എന്നിവര്‍ക്കെതിരെയും പ്ലേ ഓഫ് കളിച്ചെത്തുന്ന മറ്റൊരു ടീമിറങ്ങും.
ഗ്രൂപ്പ് എഫിലാണ് ക്രിസ്റ്റ്യാനോ റൊണാാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഇടം പിടിച്ചിരിക്കുന്നത്. തുർക്കി, ചെക്ക് റിപ്പബ്ലിക്, പ്ലേ ഓഫിലൂടെയെത്തുന്ന മറ്റൊരു ടീമുമാണ് പോര്‍ച്ചുഗലിനെതിരെ ഗ്രൂപ്പില്‍ പന്ത് തട്ടുക.