ബര്‍മിങ്‌ഹാം :കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയ വെള്ളി മെഡല്‍ ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിക്കുന്നതായി സങ്കേത് മഹാദേവ് സര്‍ഗര്‍. പുരുഷന്മാരുടെ 55 ഭാരോദ്വഹനത്തിലാണ് സാങ്കേത് വെള്ളി ഉയര്‍ത്തിയത്. തന്‍റെ പ്രതീക്ഷയ്‌ക്കനുസരിച്ച് പ്രകടനം നടത്താൻ കഴിയാത്തതിനാല്‍ തൃപ്തനല്ല. സ്വര്‍ണം നേടാനാവാത്തതില്‍ നിരാശയുണ്ടെങ്കിലും വെള്ളി നേട്ടം സന്തോഷം നല്‍കുന്നതാണെന്നും സങ്കേത് പറഞ്ഞു.
ബര്‍മിങ്‌ഹാമില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്. മത്സരത്തിന്‍റെ സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലുമായി 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് വെള്ളി നേടിയത്. സ്‌നാച്ചില്‍ 113 കിലോ ഉയര്‍ത്തിയ താരം എതിരാളികളേക്കാള്‍ വ്യക്തമായ ലീഡ് നേടിയിരുന്നു.
ആദ്യ ശ്രമത്തില്‍ തന്നെ 107 കിലോ ഉയര്‍ത്തിയ സര്‍ഗര്‍ രണ്ടാം ശ്രമം 111 കിലോയിലേക്ക് ഉയര്‍ത്തി. മൂന്നാം ശ്രമത്തിലാണ് താരം 113 കിലോ ഉയര്‍ത്തിയത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആദ്യ ശ്രമത്തില്‍ തന്നെ 135 കിലോ ഉയര്‍ത്താന്‍ സങ്കേതിന് കഴിഞ്ഞിരുന്നു.
എന്നാല്‍ രണ്ടാം ശ്രമത്തിനിടെ താരത്തിന്‍റെ വലത്തേ കൈക്ക് പരിക്കേറ്റു. ഇതോടെ ഈ ശ്രമം ഫൗളില്‍ കലാശിച്ചു. പരിക്ക് വകവയ്ക്കാതെയുള്ള മൂന്നാം ശ്രമവും പരാജയപ്പെട്ടതോടെ സങ്കേതിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ മുഹമ്മദ് അനീഖിനാണ് സ്വര്‍ണം. സ്‌നാച്ചില്‍ 107 കിലോ ഉയര്‍ത്തിയ താരം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 142 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. 225 കിലോ ഉയര്‍ത്തിയ ശ്രീലങ്കയുടെ ദിലന്‍ക ഇസുരു കുമാര യോഗദെ വെങ്കലം നേടി. സ്‌നാച്ചില്‍ 105 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 120 കിലോയുമാണ് ലങ്കന്‍ താരത്തിന്‍റെ പ്രകടനം.