ഫിഫ അണ്ടര്‍ -17 ലോകകപ്പിന്‍റെ (FIFA U17 World Cup 2023) ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരായ (Brazil vs Argentina) ഹാട്രിക്കോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അര്‍ജന്‍റൈന്‍ വണ്ടര്‍ കിഡ് ക്ലോഡിയോ എച്ചെവേരി (Claudio Echeverri). ഇതിഹാസ താരം ലയണല്‍ മെസിയുടെ (Lionel Messi) പിന്‍ഗാമിയെന്ന വിശേഷണം ഇതിനകം തന്നെ നേടിയെടുത്ത 17-കാരനായി ഇതിനകം തന്നെ യൂറോപ്പിലെ വമ്പന്മാര്‍ തമ്മില്‍ മത്സരം ആരംഭിച്ചു കഴിഞ്ഞു. സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഫ്രഞ്ച് ലീഗില്‍ നിന്നും പിഎസ്‌ജിയും ക്ലോഡിയോ എച്ചെവേരിയ്‌ക്കായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ തന്‍റെ ആരാധനാപാത്രമായ ലയണല്‍ മെസിയെപ്പോലെ സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്കായി പന്ത് തട്ടാനുള്ള തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ക്ലോഡിയോ എച്ചെവേരി. നിലവില്‍ അര്‍ജന്‍റൈന്‍ ക്ലബ് റിവർ പ്ലേറ്റിന്‍റെ (River Plate) താരമായ ക്ലോഡിയോ എച്ചെവേരിയുടെ ഇതു സംബന്ധിച്ച വാക്കുകള്‍ ഇങ്ങിനെ..
"റിവർ പ്ലേറ്റില്‍ കാര്യങ്ങളെല്ലാം മികച്ച രീതിയിലാണ് പോവുന്നത്. എന്നാല്‍ ബാഴ്‌സയ്‌ക്കായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മെസിയുടെ വലിയ ആരാധകനാണ്, ബാഴ്‌സലോണയ്‌ക്കായി അദ്ദേഹം കളിക്കുന്നത് ഞാൻ കാണാറുണ്ടായിരുന്നു, അതിനാൽ എന്റെ ചെറുപ്പം മുതൽ ഈ ടീം എന്റെ ഉള്ളിലുണ്ട്" 17-കാരന്‍ പറഞ്ഞു.
ചാക്കോ പ്രവിശ്യയിലെ റെസിസ്റ്റെൻസിയയിൽ ജനിച്ച എച്ചെവേരി, ഡിപോർട്ടീവോ ലുജാനുലൂടെയാണ് പന്തുതട്ടി തുടങ്ങുന്നത് (Who is Claudio Echeverri). തുടര്‍ന്ന് 2017-ലാണ് താരം റിവർ പ്ലേറ്റിന്‍റെ ഭാഗമാവുന്നത്. ഇറ്റലിയില്‍ നടന്ന ഒരു യൂത്ത് ടൂർണമെന്‍റില്‍ ടീമിനായി മിന്നിയതോടെ വാര്‍ത്തകളിലും താരം ഇടം നേടി.