കോപ്പൻഹേഗൻ : 2020 യൂറോ കപ്പിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മൈതാനത്ത് കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് സൂപ്പര്‍താരം ക്രിസ്റ്റ്യൻ എറിക്‌സൺ വീണ്ടും ദേശീയ ടീമില്‍ കളിക്കാനൊരുങ്ങുന്നു. ഈ മാസം നെതര്‍ലാന്‍ഡ്‌സിനും സെര്‍ബിയക്കുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള 23 അംഗ ഡെന്‍മാര്‍ക്ക് ടീമിൽ എറിക്‌സണും ഉൾപ്പെട്ടിട്ടുണ്ട്.
രണ്ട് മത്സരങ്ങളിലും ടീമിലെ നിര്‍ണായക താരമായിരിക്കും എറിക്‌സണെന്ന് കോച്ച് കാസ്‌പര്‍ ഡാനിഷ് ദിനപത്രമായ എക്‌സ്‌ട്രാ ബ്ലേഡറ്റിനോട് പ്രതികരിച്ചു.താരം ഇപ്പോള്‍ കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഏറ്റവും മികച്ച കളിക്കാരന്‍ എന്ന നിലയിലാണ് ഇപ്പോള്‍ ടീമിലെടുത്തതെന്നും കോച്ച് പറഞ്ഞു.
ജനുവരിയില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രന്‍റ്‌ഫോര്‍ഡ് എഫ്‌സിക്കുവേണ്ടി എറിക്‌സൺ കരാറൊപ്പിട്ടു. യൂറോ കപ്പില്‍ ഫിൻലന്‍ഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞുവീണശേഷം ആദ്യമായി ബ്രന്‍റ്‌ഫോര്‍ഡിന് വേണ്ടി കളത്തിലിറങ്ങിയ എറിക്‌സണ്‍ ഒരു ഗോളിന് വഴിയൊരുക്കിയിരുന്നു.