ഹോങ്കോംഗ്: അടുത്ത വർഷം നടക്കേണ്ടിയിരുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് വേദിയാകാനില്ലെന്ന് ചൈന. രാജ്യത്തെ കൊവിഡ് കേസുകളിൽ ഉണ്ടായ വർധനയെ തുടർന്നാണു 2023 ജൂണില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്‍റിന്‍റെ ആതിഥേയത്വത്തില്‍ നിന്ന് ചൈന പിന്മാറിയത്. ചൈനയിലെ 10 നഗരങ്ങളിലായി നടക്കാനിരുന്ന ടൂർണമെന്‍റ് ഇതോടെ പ്രതിസന്ധിയിലായി.
കൊവിഡ് വ്യാപനം മൂലമാണ് പിന്മാറ്റമെന്ന് ചൈനീസ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ആതിഥേയത്വം ഉപേക്ഷിക്കാനുള്ള ചൈനയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ടൂര്‍ണമെന്‍റിന്‍റെ ആതിഥേയത്വം സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം അറിയിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ പത്ത് നഗരങ്ങളിലായിട്ടാണ് മത്സരം നടക്കേണ്ടിയിരുന്നത്. 24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ലോഗോ ഇതിനിനോടകം പുറത്തുവിട്ടിരുന്നു. പുതിയ വേദിയെ കുറിച്ച് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇനി ആര് ആതിഥ്യം വഹിക്കുമെന്ന് ഉടൻ തീരുമാനിച്ച് അറിയിക്കുമെന്നും എ.എഫ്.സി അറിയിച്ചു. ടൂർണമെന്‍റിന്‍റെ യോഗ്യത മത്സരങ്ങൾ നടന്നുവരികയാണ്. ഇന്ത്യ അടുത്ത മാസം മൂന്നാം ഘട്ട യോഗ്യത മത്സരങ്ങൾ കളിക്കുന്നുണ്ട്.
സെപ്റ്റംബറിൽ ചൈനയിൽ നടത്താനിരുന്ന ഏഷ്യൻ ഗെയിംസും, കൊവിഡിനെ തുടർന്ന് സംഘാടകർ നേരത്തേ മാറ്റിവച്ചിരുന്നു. കോവിഡ് കേസുകളിൽ വർധന തുടരുന്നതിനാൽ, ചൈനയിലെ പല നഗരങ്ങളും ഇപ്പോഴും ലോക്‌ഡൗണിലാണ്.