ടൂറിൻ: നായകനായ ചെല്ലിനി സീസൺ അവസാനത്തോടെ യുവന്‍റസ് വിടുമെന്ന് ഉറപ്പായി. ഇന്നലെ നടന്ന കോപ്പ ഇറ്റാലിയ ഫൈനലിൽ ഇന്‍റർ മിലാനോട് 4-2 ന് പരാജയപ്പെട്ടതിന് ശേഷമാണ് ചെല്ലിനി ക്ലബ് വിടുമെന്ന പ്രഖ്യാപനം നടത്തിയത്. നീണ്ട 17 വർഷത്തെ യുവന്‍റസ് കരിയറിനാണ് ചെല്ലിനി അന്ത്യം കുറിക്കുന്നത്.
'തിങ്കളാഴ്‌ച, ഞാൻ യുവന്‍റസ് സ്റ്റേഡിയത്തോട് വിടപറയും. 100 ശതമാനവും ഇത് എന്‍റെ സ്വന്തം തീരുമാനമാണ്. ഞാൻ എല്ലാം നൽകി. താമസിയാതെ, താൻ ഏറ്റവും വലിയ യുവന്‍റസ് ആരാധകനാകും! ഈ ക്ലബ്ബിനുള്ളിൽ ഇത്രയും വർഷങ്ങൾക്ക് ശേഷം, നിങ്ങൾക്കത് തള്ളിക്കളയാകാനില്ല.' മത്സര ശേഷം ചെല്ലിനി പറഞ്ഞു.
ജൂണിൽ അർജന്‍റീനയുമായുള്ള മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് ചെല്ലിനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്‍റീനയും തമ്മിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ‘ഫൈനലിസ്‌മ’ എന്നു പേരിട്ട മത്സരം.
37 കാരനായ സെന്‍റർ ബാക്ക് 2005 ൽ ഫിയോറന്‍റീനയിൽ നിന്നും ക്ലബ്ബിൽ ചേർന്നതിന് ശേഷം ഒമ്പത് സീരി എ കിരീടങ്ങളും അഞ്ച് തവണ കോപ്പ ഇറ്റാലിയയും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണിൽ പരിക്ക് കാരണം ഭൂരിഭാഗം മത്സരങ്ങളിലും ചെല്ലിനി പുറത്തായിരുന്നു.
വെറ്ററൻ താരം അമേരിക്കൻ ലീഗിലേക്ക് പോകും എന്നാണ് റിപ്പോർട്ട്. ചെല്ലിനിക്കായി രണ്ട് അമേരിക്കൻ ക്ലബുകൾ രംഗത്ത് ഉണ്ട്. ലോസ് ഏഞ്ചലസ് എഫ്.സിയാണ് ചെല്ലിനിക്കായി മുൻപന്തിയിലുള്ളത്. വരും സീസണിൽ പുതിയ സെന്‍റർ ബാക്കുകളെ സൈൻ ചെയ്യാൻ യുവന്‍റസ് ശ്രമിക്കുന്നുണ്ട്.