ബാക്കു (അസർബൈജാൻ) :ആർ പ്രജ്ഞാനന്ദയോ, മാഗ്നസ് കാൾസനോ ? ലോക ചെസ് ചാമ്പ്യനെ ഇന്നറിയാം. ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസൻ (MAGNUS CARLSEN), ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ പ്രജ്ഞാനന്ദയും (R PRAGGNANANDHAA) തമ്മിലുള്ള ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ കലാശിച്ചതിനാൽ ഇന്ന് നടക്കുന്ന വാശിയേറിയ ടൈ ബ്രേക്കറിലാകും വിജയിയെ നിർണയിക്കുക. രണ്ട് ടൈ ബ്രേക്കറുകളുള്ള മത്സരമാണ് വിജയിയെ തീരുമാനിക്കുക. (CHESS WORLD CUP FINAL 2023)
ചൊവ്വാഴ്‌ച നടന്ന ആദ്യ മത്സരം 35 നീക്കങ്ങൾക്കൊടുവിലാണ് സമനിലയിൽ അവസാനിച്ചത്. തുടർന്ന് ബുധനാഴ്‌ച നടന്ന രണ്ടാം ക്ലാസിക്കൽ ഗെയിം ഒരു മണിക്കൂറിലേറെ നീണ്ട കടുത്ത മത്സരത്തിന് പിന്നാലെ 30 നീക്കങ്ങൾക്കൊടുവിൽ സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ റൗണ്ട് മത്സരം മൂന്ന് മണിക്കൂറോളം നീണ്ടിരുന്നു. ഇതോടെ ഫൈനൽ പോരാട്ടം രണ്ടാം റൗണ്ടിലേക്ക് നീളുകയായിരുന്നു.
ബുധനാഴ്‌ച നടന്ന രണ്ടാം റൗണ്ടിൽ വെള്ള കരുക്കളുമായി മാഗ്നസ് കാൾസനാണ് മത്സരം ആരംഭിച്ചത്. ഒരു മണിക്കൂറോളം നീണ്ട പോരാട്ടം 30 നീക്കത്തിനൊടുവിൽ സമനിലയിൽ കലാശിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെത്തുടർന്ന് മികച്ച ശാരീരികാവസ്ഥയിൽ ആയിരുന്നില്ല കാൾസണ്‍ മത്സരത്തിനിറങ്ങിയത്. അതിനാൽ തന്നെ മത്സരം സമനിലയിലേക്ക് എത്തിക്കാനായിരുന്നു താരത്തിന്‍റെ ശ്രമം.
അതേസമയം രണ്ട് ഗ്രാൻഡ് മാസ്റ്റർമാരും തങ്ങളുടെ കന്നി ലോകകപ്പ് കിരീടത്തിനായാണ് പോരടിക്കുന്നത്. ടൂർണമെന്‍റിൽ വിസ്‌മയ കുതിപ്പോടെയാണ് 18 വയസുകാരനായ പ്രജ്ഞാനന്ദ ഫൈനലിലേക്ക് പ്രവേശിച്ചത്. സെമി ഫൈനൽ പോരാട്ടത്തിൽ അമേരിക്കയുടെ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെ തോൽപ്പിച്ചായിരുന്നു പ്രജ്ഞാനന്ദ ഫൈനലിലേക്ക് എത്തിയത്.
3.5-2.5 എന്ന സ്കോറിനായിരുന്നു 18-കാരനായ ഇന്ത്യന്‍ താരം വിജയം പിടിച്ചെടുത്തത്. നാല് റാപ്പിഡ് ടൈബ്രേക്കർ ഗെയിമുകൾക്ക് ശേഷമാണ് ഗ്രാൻഡ്‌മാസ്റ്ററായ ഫാബിയാനോ കരുവാന പ്രജ്ഞാനന്ദയ്‌ക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചത്. ഇരുവരും തമ്മിലുള്ള ആദ്യ മത്സരം 47 കരുനീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ കലാശിച്ചിരുന്നു. തുടര്‍ന്നാണ് ടൈബ്രേക്കറിലൂടെ വിജയിയെ നിശ്ചയിച്ചത്.
വിജയത്തോടെ ഫാബിയാനോ കരുവാനയെ മറികടന്നതോടെ ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാന്‍ ചെന്നൈ സ്വദേശിയായ പ്രജ്ഞാനന്ദയ്‌ക്ക് കഴിഞ്ഞിരുന്നു. കൂടാതെ ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാകാനും ആർ പ്രഗ്നാനന്ദക്ക് സാധിച്ചു.
വിശ്വനാഥന്‍ ആനന്ദാണ് (Viswanathan Anand) പ്രജ്ഞാനന്ദയ്‌ക്ക് മുന്നെ ലോക ചെസ് ലോകകപ്പിന്‍റെ ഫൈനലില്‍ എത്തിയിട്ടുള്ള ഇന്ത്യൻ താരം. 2000, 2002 വര്‍ഷങ്ങളില്‍ 24 താരങ്ങളുള്ള റൗണ്ട് - റോബിന്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്‍റിൽ വിശ്വാനാഥൻ ആനന്ദ് കിരീടം ചൂടിയിരുന്നു. ഇത്തവണ പ്രജ്ഞാനന്ദയിലൂടെ മൂന്നാം തവണ ഇന്ത്യയിലേക്ക് കിരീടം എത്തുമെന്നാണ് പ്രതീക്ഷ.