ലണ്ടന്‍: ബ്രസീലിയൻ വിങ്ങർ ആഞ്ചലോ ഗബ്രിയേലിനെ കൂടാരത്തില്‍ എത്തിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി. സാന്‍റോസില്‍ നിന്നാണ് 18-കാരനെ ചെല്‍സി സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് എത്തിക്കുന്നത്. താരവുമായുള്ള സൈനിംഗ് നടപടികള്‍ പൂർത്തിയാക്കിയതായി ചെല്‍സി അറിയിച്ചിട്ടുണ്ട്.
സാന്‍റോസ് സീനിയര്‍ ടീമിനായി നിരവധി മത്സരങ്ങൾ കളിച്ച അനുഭവ സമ്പത്തുമായാണ് ആഞ്ചലോ ഗബ്രിയേല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്തുതട്ടാന്‍ എത്തുന്നത്. വിവിധ ടൂര്‍ണമെന്‍റുകളിയായി ഇതിനകം തന്നെ 129 മത്സരങ്ങളിലാണ് സാന്‍റോസിനായി ആഞ്ചലോ ഗബ്രിയേല്‍ കളിച്ചിട്ടുള്ളത്.
2024 ഡിസംബര്‍ വരെ സാന്‍റോസുമായി കരാറുണ്ടായിരുന്ന താരം ഇതു അവസാനിപ്പിച്ചുകൊണ്ടാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ ഭാഗമാവുന്നത്. ബ്രസീൽ ദേശീയ ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡിന് ഉടമയാണ് ആഞ്ചലോ. 15 വയസും 308 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ വിഖ്യാതമായ മാറക്കാനയില്‍ ഫ്ലുമിനെൻസിനെതിരെ അരങ്ങേറ്റം നടത്തിയാണ് താരം ഈ റെക്കോഡ് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്.
തുടര്‍ന്ന് സാന്‍റോസിന്‍റെ മുന്നേറ്റ നിരയില്‍ പതിവുകാരനായും ഇടങ്കാലനായ ആഞ്ചലോ ഗബ്രിയേല്‍ മാറി. 2021ഏപ്രിലിൽ, കോപ്പ ലിബർട്ടഡോറസ് കപ്പിലാണ് ബ്രസീലിയന്‍ അണ്ടര്‍-20 ഇന്‍റർനാഷണൽ തന്‍റെ ആദ്യ സീനിയർ ഗോൾ നേടുന്നത്. ഇതോടെ ടൂര്‍ണമെന്‍റിന്‍റെ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ആഞ്ചലോ ഗബ്രിയേല്‍ സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്‍റില്‍ ക്ലബിനായി നാല് ഗോളുകള്‍ കൂടി അടിച്ച് കൂട്ടിയ താരം പത്ത് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.
2021 മാർച്ച് 9-നായിരുന്നു താരം കോപ്പ ലിബർട്ടഡോഴ്‌സിൽ അരങ്ങേറ്റ മത്സരം കളിച്ചത്. അന്ന് 16 വയസും 2 മാസവും 16 ദിവസവുമായിരുന്നു ആഞ്ചലോയുടെ പ്രായം. ഇതോടെ റോഡ്രിഗോയെ മറികടന്ന് ടൂര്‍ണമെന്‍റില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സാന്‍റോസ് കളിക്കാരനായും താരം മാറിയിരുന്നു. നേരത്തെ 2020 ഒക്‌ടോബർ 23-ന്, പെയ്‌ക്‌സുമായുള്ള ഒരു പ്രൊഫഷണൽ പ്രീ-കോൺട്രാക്റ്റ് ആഞ്ചലോ ഗബ്രിയേല്‍ ഒപ്പുവച്ചിരുന്നു. താരത്തിന്‍റെ 16-ാം ജന്മദിനം മുതൽ പ്രാബല്യത്തിൽ വന്ന ഡീലായിരുന്നുവത്. രണ്ട് ദിവസത്തിന് ശേഷം തന്‍റെ പ്രൊഫഷണൽ അരങ്ങേറ്റവും നടത്താന്‍ താരത്തിന് കഴിഞ്ഞു.