ലണ്ടൻ: പ്രീമിയർ ലീഗിൽ ചെൽസിയുടെ ഗോൾവർഷം. ചെൽസി എതിരില്ലാത്ത ആറ് ഗോളിനാണ് സതാംപ്‌ടണെ തകർത്തത്. ചാംപ്യൻസ് ലീഗിൽ റയൽലിനോട് 3–1നും അതിനു മുൻപ് പ്രിമിയർ ലീഗിൽ ബ്രെന്‍റ്‌ഫോഡിനോടു 4–1നും തോറ്റതിന്‍റെ സങ്കടവും നിരാശയും ദേഷ്യവുമെല്ലാം തകർത്തെറിഞ്ഞ് ചെൽസി. മേസൺ മൗണ്ടിന്‍റെയും തിമോ വെർണറുടേയും ഇരട്ട ഗോൾ കരുത്തിലാണ് ചെൽസിയുടെ ശക്തമായ തിരിച്ചുവരവ്. മാർക്കോ അലോൻസോയും കായ് ഹാവെർട്‌സുമാണ് ചെൽസിയുടെ മറ്റ് സ്കോറർമാർ.
സതാംപ്‌ടണിന്‍റെ മൈതാനത്ത് നേടിയ തകർപ്പൻ ജയം അടുത്തയാഴ്‌ച റയലിനെതിരെ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ ക്വാർട്ടറിനിറങ്ങുന്ന ചെൽസിക്ക് ആത്മവിശ്വാസം നൽകുമെന്നുറപ്പാണ്. 30 കളിയിൽ 62 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോള്‍ ചെൽസി.
ഹാട്രിക്കുമായി സൺ, സ്‌പേർസിന് ജയം ;ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് തകർപ്പൻ ജയം. ടോട്ടനം എതിരില്ലാത്ത നാല് ഗോളിന് ആസ്റ്റൻ വില്ലയെ തോൽപിച്ചു. സോംഗ് ഹ്യൂംഗ് മിന്നിന്‍റെ ഹാട്രിക് കരുത്തിലാണ് ടോട്ടനത്തിന്‍റെ ജയം. 3, 66, 71 മിനിറ്റുകളിലായിരുന്നു സണ്ണിന്‍റെ ഗോളുകൾ. ഡെജൻ കുളുസെവ്സ്‌കിയാണ് സ്‌പേർസിന്‍റെ ഗോൾപട്ടിക തികച്ചത്. 57 പോയിന്‍റോടെ ലീഗിൽ നാലാം സ്ഥാനത്താണ് ടോട്ടനം.