ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെൽസിയുടെ ഓപ്പറേറ്റിങ് ലൈസൻസിൽ യുകെ ഗവര്‍ണ്‍മെന്‍റ് മാറ്റം വരുത്തി. ഇതോടെ ടീമിന്‍റെ എവേ മത്സരങ്ങള്‍, കപ്പ് മത്സരങ്ങൾ, വനിതാ മത്സരങ്ങൾ എന്നിവയ്ക്കായുള്ള ടിക്കറ്റ് വിൽക്കാൻ ചെല്‍സിക്ക് കഴിയും.
യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ ക്ലബ്ബിന്‍റെ റഷ്യൻ ഉടമ റോമൻ അബ്രമോവിച്ചിന് യുകെ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലബ്ബിന്‍റെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകൾ വിൽക്കുന്നതിനും വിലക്കുണ്ടായിരുന്നു. ഇക്കാരണത്താലാണ് ഓപ്പറേറ്റിങ് ലൈസൻസിൽ മാറ്റം വരുത്താന്‍ യുകെ ഗവണ്‍മെന്‍റ് തയ്യാറായത്.
ടിക്കറ്റ് വിൽപ്പനയിലൂടെ ക്ലബ്ബിന് ഒരു വരുമാനവും ലഭിക്കില്ലെന്ന് ഇതുസംബന്ധിച്ച പ്രസ്‌താവനയില്‍ അധികൃതര്‍ വ്യക്തമാക്കി. എല്ലാ വരുമാനവും മത്സരത്തിന്‍റെ സംഘാടകർക്കാണ് ലഭിക്കുകെയന്നാണ് അറിയിച്ചിരിക്കുന്നത്.