ലണ്ടന്‍ : അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയ്ക്ക് പുതിയ ഉടമകള്‍. ഏറ്റെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ അമേരിക്കൻ വ്യവസായി ടോഡ് ബോഹ്‌ലിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം അംഗീകരിച്ചതായി ക്ലബ് പ്രസ്‌താവനയില്‍ അറിയിച്ചു. യുഎസിലെ പ്രശസ്‌തമായ ബേസ്ബോൾ ടീമായ ഡോഡ്ജേഴ്‌സിന്‍റെ സഹ ഉടമകൂടിയാണ് ടോഡ് ബോഹ്‌ലി.
4.25 ബില്യൺ പൗണ്ടിനാണ് വില്‍പ്പന. ഇതില്‍ ഷെയറുകളുടെ തുകയായ 2.5 ബില്യൺ പൗണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ മരവിപ്പിച്ച യുകെ ബാങ്ക് അക്കൗണ്ടിലേക്കാവും നിക്ഷേപിക്കുകയെന്ന് റോമൻ അബ്രമോവിച്ച് സ്ഥിരീകരിച്ചതായി ക്ലബ് അറിയിച്ചു.
ഇതിന് പുറമെ ക്ലബ്ബിന്‍റെ ഭാവി കാര്യങ്ങള്‍ക്കായി 1.75 ബില്യൺ പൗണ്ട് നിക്ഷേപവും നിർദിഷ്ട പുതിയ ഉടമകൾ നടത്തും. സ്റ്റാംഫോർഡ് ബ്രിഡ്‌ജ്, അക്കാദമി, വിമൻസ് ടീം, കിംഗ്സ്മെഡോ എന്നിവയിലെ നിക്ഷേപങ്ങളും ചെൽസി ഫൗണ്ടേഷന് വേണ്ടിയുള്ള ധനസഹായവും ഉള്‍പ്പടെയാണിത്.