മാഡ്രിഡ്: ചെറിയ ഇടവേളയ്‌ക്ക് ശേഷം വീണ്ടും യുവേഫ ചാമ്പ്യൻസ് ലീഗ് ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ. വമ്പൻ ടീമുകളെല്ലാം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം റൗണ്ട് മത്സരത്തിനായി കളത്തിലുണ്ട്.
ഇംഗ്ളീഷ് ആധിപത്യം: അവസാന 10 ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ആറുതവണയും ഫൈനലിലെത്തിയത് പ്രീമിയർ ലീഗ് ക്ലബുകളായിരുന്നു. ഇത്തവണ സമ്മർ ട്രാൻസ്‌ഫർ വിൻഡോയിൽ പണം വാരിയെറിഞ്ഞാണ് മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസിയടക്കമുള്ള പ്രീമിയർ ക്ലബുകൾ ഈ സീസണിലെ പോരാട്ടങ്ങൾക്ക് ഒരുങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് 31ന് അവസാനിച്ച ട്രാൻസ്‌ഫർ ജാലകത്തിൽ 1.9 ബില്ല്യൺ പൗണ്ട് (18000 കോടി ഇന്ത്യന്‍ രൂപ) ചെലവഴിച്ചാണ് ഇംഗ്ലീഷ് ടീമുകൾ താരങ്ങളെ തട്ടകത്തിലെത്തിച്ചത്.
എന്നാൽ ആ പണക്കൊഴുപ്പിനൊത്ത് ആരാധകർ പ്രതീക്ഷിച്ച പ്രകടനമല്ല പല ടീമുകളും ചാമ്പ്യൻസ് ലീഗില്‍ പുറത്തെടുക്കുന്നത്. ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ മാത്രം പൂർത്തിയായപ്പോൾ ചെൽസിയും ലിവർപൂളും ടോട്ടൻഹാമുമെല്ലാം തോൽവിയറിഞ്ഞു. നോർവീജിയൻ സൂപ്പർതാരം എർലിങ് ഹാലൻഡ്, ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് കാൽവിൻ ഫിലിപ്‌സുമടക്കം പുതിയ താരങ്ങളെ ടീമിലെത്തിച്ച മാഞ്ചസ്റ്റർ സിറ്റി മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കുന്നത്.
മാഞ്ചസ്റ്റർ ഡർബിയിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 6-3 ന് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റി മികച്ച ഫോമിലാണ്. ഇതിനകം ഗ്രൂപ്പ്ഘട്ടത്തിൽ സെവിയ്യ, ബൊറൂസിയ ഡോർട്ട്മുണ്ട് ടീമുകളെ സിറ്റി കീഴടക്കിക്കഴിഞ്ഞു. അടുത്ത രണ്ട് ഹോം-എവേ മത്സരങ്ങളിൽ കോപ്പൻഹേഗനെ കീഴടക്കാനായാൽ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ സിറ്റിക്ക് നോക്കൗട്ടിലേക്ക് കടക്കാം.
ചെൽസിയുടെ പ്രതിസന്ധി:ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ഡൈനാമോ സാഗ്രബിനോട് പരാജയപ്പെട്ട ചെൽസി രണ്ടാം മത്സരത്തിൽ റെഡ്ബുൾ സാൽസ്‌ബർഗിനെതിരെ സമനില വഴങ്ങിയിരുന്നു. ഇതോടെ ഒരു പോയിന്‍റുമായി ഗ്രൂപ്പിൽ അവസാനമാണ് ചെൽസിയുടെ സ്ഥാനം. അതോടെ ടീമിന്‍റെ പരിശീലകനായിരുന്ന തോമസ് ടുഷേലിനെ പുറത്താക്കി പകരം ബ്രൈറ്റൺ കോച്ചായിരുന്ന ഗ്രഹാം പോട്ടറിനെ പുതിയ പരിശീലകനായി നിയമിച്ചിരുന്നു. പുതിയ പരിശീലകന് കീഴിൽ മൂന്നാം മത്സരത്തിനറങ്ങുന്ന ചെൽസിയുടെ എതിരാളികൾ ഇറ്റാലിയൻ ലീഗ് ജേതാക്കളായ എസി മിലാനാണ്.
യൂർഗൻ ക്ലോപ്പിന് കീഴിലിറങ്ങുന്ന ലിവർപൂളിന്‍റെ സ്ഥിതിയും വ്യത്യസ്‌തമല്ല. ആദ്യ മത്സരത്തിൽ 4-1 എന്ന സ്‌കോറിന് നാപോളിയോട് തകർന്നടിഞ്ഞ ലിവർപൂൾ, അയാക്‌സിനെതിരായ മത്സരത്തിൽ അവസാന മിനിറ്റിൽ മാറ്റിപ്പ് നേടിയ ഗോളിലാണ് ജയിച്ച് കയറിയത്. അടുത്ത മത്സരത്തിൽ സ്‌കോട്ടിഷ് ക്ലബായ റേഞ്ചേഴ്‌സ് എഫ്‌സിയാണ് എതിരാളികൾ എന്നത് ലിവർപൂളിന് ആശ്വാസമാകും.
മറ്റൊരു പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്‌സ്‌പർ ആദ്യ മത്സരത്തിൽ ഫ്രഞ്ച് ക്ലബ് ഒളിംപിക് മാഴ്‌സെയെ തോൽപിച്ചിരുന്നു. രണ്ടാം മത്സരത്തിൽ സ്‌പോർട്ടിങ് ക്ലബിനോട് രണ്ട് ഗോളിന്‍റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതോടെ ഗ്രൂപ്പിൽ രണ്ടാമതാണ് ടോട്ടനത്തിന്‍റെ സ്ഥാനം. പ്രീമിയർ ലീഗിൽ ആഴ്‌സനലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട ടോട്ടനത്തിന് ഐൻട്രാക്‌ട് ഫ്രാങ്ക്ഫർട്ടാണ് മൂന്നാം റൗണ്ടിലെ എതിരാളികൾ.