മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്‍റെ ആദ്യ പാദത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ശക്‌തരായ റയൽ മഡ്രിഡുമായി കൊമ്പുകോർക്കും. സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ രാത്രി 12.30 നാണ് മത്സരം. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനൽ ലക്ഷ്യമിട്ട് റയല്‍ ഇറങ്ങുമ്പോൾ, തുടര്‍ച്ചയായ രണ്ടാം ഫൈനലിലെത്തി ആദ്യ കിരീടം മോഹിച്ച് സിറ്റി കളത്തിലിറങ്ങുമ്പോൾ എത്തിഹാദിൽ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിയ്‌ക്കാം.
13 തവണ റെക്കോർഡ് ചാമ്പ്യന്മാരായ റയല്‍ മഡ്രിഡ് പ്രീക്വാര്‍ട്ടറില്‍ പിഎസ്‌ജിയേയും, ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയേയും മറികടന്നാണെത്തുന്നത്. മറുവശത്ത് അത്‌ലറ്റികോ മാഡ്രിഡ് ഉയര്‍ത്തിയ കനത്ത വെല്ലുവിളി മറികടന്നാണ് സിറ്റിയുടെ സെമിപ്രവേശനം.
ALSO READ:ചാമ്പ്യന്‍സ് ലീഗില്‍ ഇനി 'ഇംഗ്ലണ്ട് vs സ്‌പെയ്‌ന്‍' സെമി പോരാട്ടം
ലാലിഗയിൽ കിരീടം ഏതാണ്ട് ഉറപ്പിച്ച റയൽ മാഡ്രിഡ് ലീഗ് പോരാട്ടത്തിന്‍റെ സമ്മർദ്ദങ്ങളില്ലാതെയാകും മാഞ്ചസ്റ്ററിലെത്തുന്നത്. ബെൻസേമയുടെ ഫോമിൽ തന്നെയാകും റയലിന്‍റെ പ്രതീക്ഷൾ. ഒരു തിരിച്ചടിയിലും പതറാതെ പൊരുതുന്ന ടീമായി ആഞ്ചലോട്ടിയുടെ കീഴിൽ റയൽ മാഡ്രിഡ് മാറിയിട്ടുണ്ട്.
പ്രീമിയർ ലീഗിൽ വമ്പൻ ജയത്തോടെയാണ് ഗ്വാർഡിയോളയും സംഘവും എത്തുന്നത്. എങ്കിലും ലീഗിൽ ലിവർപൂളുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിന്‍റെ സമ്മർദ്ദം പ്രകടമാകാനിടയുണ്ട്. പെപിന് സിറ്റിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചാൽ മാത്രമെ വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആവുകയുള്ളൂ.
പരിക്കേറ്റ പ്രതിരോധ താരങ്ങളായ കെയ്‌ല്‍ വാക്കറും ജോൺ സ്റ്റോൺസും പുറത്തിരിക്കേണ്ടി വരുന്നതും കാൻസെലോയുടെ സസ്‌പെന്‍ഷനും സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയ്ക്ക് തലവേദനയാവും. സസ്പെൻഷൻ കഴിഞ്ഞ് എത്തുന്ന എഡർ മിലിറ്റാവോ റയൽ പ്രതിരോധത്തിന് കരുത്താകും. പരിക്കിന്‍റെ നിഴലിലുള്ള കാസെമിറോ, ഡേവിഡ് അലബ എന്നിവരെ കളത്തിലിറക്കാനാവുമോയെന്നത് കാർലോ ആഞ്ചലോട്ടിക്ക് ആശങ്കയാണ്.