യുവേഫ ചാമ്പ്യൻസ് ലീഗില്‍ സ്‌പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ മൂന്നാം വിജയം. പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ടിങ് ബ്രാഗയെ എവേ മത്സരത്തില്‍ നേരിട്ട റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത് (Real Madrid defeat Braga). റയലിനായി റോഡ്രിഗോ, ജൂഡ് ബെല്ലിങ്‌ഹാം എന്നിവർ വലകുലുക്കി.
മത്സരത്തിന്‍റെ 16-ാം മിനിറ്റിലാണ് റയൽ ലീഡെടുത്തത്. വിനീഷ്യസ് ജൂനിയര്‍ നൽകിയ പാസിൽ നിന്നും മികച്ച ഫിനിഷിലൂടെ റോഡ്രിഗോ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു.
മത്സരത്തിന്‍റെ 61-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയല്‍ മാഡ്രിഡ് ലീഡ് ഇരട്ടിയക്കി. മാഡ്രിഡ് കുപ്പായത്തിൽ തകർത്ത് കളിക്കുന്ന ബെല്ലിങ്ഹാമിന്‍റെ ഈ സീസണിലെ 11-ാം ഗോളാണിത്. രണ്ടാം ഗോളിനും അവസരം ഒരുക്കിയത് വിനീഷ്യസ് ജൂനിയര്‍ ആയിരുന്നു.
63-ാം മിനിറ്റില്‍ അൽവാരോ ഡ്യാലോയിലൂടെ ബ്രാഗ ഒരു ഗോള്‍ മടക്കിയെങ്കിലും കൂടുതൽ ഗോളുകൾ വഴങ്ങാതിരുന്ന റയൽ ജയം ഉറപ്പിച്ചു. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് പോയിന്‍റുള്ള പോയിന്‍റുള്ള റയല്‍ മാഡ്രിഡ് ഗ്രൂപ്പിൽ ഒന്നാമതാണ്. മൂന്ന് പോയിന്‍റുമായി സ്പോര്‍ടിങ് ബ്രാഗ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
സെവിയ്യയെ തകർത്ത് ഗണ്ണേഴ്‌സ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊര മത്സരത്തിൽ ആഴ്‌സണലിന് വിജയം. സ്‌പാനിഷ് ക്ലബ് സെവിയ്യയെ എവേ മത്സരത്തില്‍ നേരിട്ട ആഴ്‌സണല്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം നേടിയത് (Arsenal wins against Sevilla). ബ്രസീലിയൻ താരങ്ങളായ മാര്‍ട്ടിനെല്ലി, ഗബ്രിയേൽ ജസ്യൂസ് എന്നിവരാണ് ഗണ്ണേഴ്‌സിനായി ലക്ഷ്യം കണ്ടത്. ഈ ജയത്തോടെ ഗ്രൂപ്പ് ബിയിൽ ആഴ്‌സണൽ ഒന്നാം സ്ഥാനത്തേക്കെത്തി.
ആദ്യ പകുതിയുടെ അവസാന നിമിഷത്തിലാണ് ആഴ്‌സണൽ ലീഡെടുത്തത്. 45-ാം മിനിറ്റില്‍ ജസ്യൂസിന്‍റെ പാസ് സ്വീകരിച്ച് മാര്‍ട്ടിനെല്ലിയാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ആഴ്‌സണൽ ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ സെവിയ്യയ്‌ക്ക് ആയിരുന്നില്ല.
53-ാം മിനിറ്റിൽ ജസ്യൂസിലൂടെ ആഴ്‌സണല്‍ ലീഡ് ഇരട്ടിയാക്കി. ഡെക്ലാൻ റൈസിന്‍റെ പാസിൽ നിന്നായിരുന്നു ഗോൾ. അഞ്ച് മിനുട്ടുകൾക്കകം സെവിയ്യ ഒരു ഗോൾ മടക്കി. 58-ാം മിനിറ്റിൽ ഇവാൻ റാകിറ്റിച്ചിന്‍റെ പാസിൽ നിന്നും ഗുഡെയാണ് ആഴ്‌സണൽ വലയിൽ പന്തെത്തിച്ചത്.
ഈ ജയത്തോടെ ആഴ്‌സണല്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റുമായി ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്നു. സെവിയ്യയ്‌ക്ക് ഇതുവരെ ഒരു മത്സരത്തിലും ജയിക്കാനായിട്ടില്ല. രണ്ട് പോയിന്‍റുമായി അവര്‍ മൂന്നാം സ്ഥാനത്താണ്.
ALSO READ :Manchester United vs Copenhagen: ഹീറോ പരിവേഷത്തിൽ മഗ്വയറും ഒനാനയും; ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയമധുരം