ലണ്ടൻ: വിക്‌ടോറിയ പ്ലാസനെതിരെ തകർപ്പൻ ജയവുമായി സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് വിടചൊല്ലി ബാഴ്‌സലോണ. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ 4-2 നായിരുന്നു ബാഴ്‌സലോണയുടെ ജയം. വിജയിച്ചെങ്കിലും ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി സീസണിലെ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾ ബാഴ്‌സ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന് യോഗ്യത നേടാതെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്.
മത്സരത്തിൽ ഫെറാൻ ടോറസ് രണ്ട് ഗോളുകളും, മാർക്കോസ് അലോൻസോ, പാബ്ലോ ടോറെ എന്നിവർ ഓരോ ഗോളും നേടി. തോമസ് ചോറിയാണ് പ്ലസെനായി ഗോൾ നേടിയത്. ഇതോടെ ടീം യുവേഫ യൂറോപ്പ ലീഗില്‍ മത്സരിക്കും. നിലവില്‍ സ്‌പാനിഷ് ലാ ലിഗയില്‍ റയൽ മാഡ്രിഡിന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ. 1999 ന് ശേഷം ഇതാദ്യമായാണ് ബാഴ്‌സലോണ തുടർച്ചയായ വർഷങ്ങളിൽ നോക്കൗട്ട് ഘട്ടത്തിൽ എത്താതെ പുറത്താകുന്നത്.