ഓൾഡ് ട്രാഫോർഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ദുരന്തം പൂര്‍ത്തിയായി (Manchester United Knocked Out Of Champions League). ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വി വഴങ്ങി. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് എറിക് ടെന്‍ ഹാഗിന്‍റെ സംഘം ജര്‍മ്മന്‍ ടീമിനോട് തോല്‍വി വഴങ്ങിയത്. കിങ്‌സ്‌ലി കോമാനാണ് (Kingsley Coman) ബയേണിനായി ഗോളടിച്ചത്.
തോല്‍വിയോടെ താരമത്യേന എളുപ്പമായിരുന്ന ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനത്താണ് യുണൈറ്റഡിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ആറ് കളിയില്‍ നിന്നും ഒരു ജയവും ഒരു സമനിലയും മാത്രം നേടാന്‍ കഴിഞ്ഞ യുണൈറ്റഡിന് വെറും നാല് പോയിന്‍റാണ് ലഭിച്ചത്. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായതോടെ യൂറോപ്പ ലീഗിലേക്ക് പോലും ചുകന്ന ചെകുത്താന്മാര്‍ക്ക് യോഗ്യത നേടാനായില്ല.
മറുവശത്ത് കളിച്ച മുഴുവന്‍ മത്സരങ്ങളും വിജയിച്ച ബയേണ്‍ മ്യൂണിക്ക് 16 പോയിന്‍റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഗ്രൂപ്പില്‍ നിന്നും നോക്കൗട്ടിലേക്ക് കടന്ന മറ്റൊരു ടീം കോപ്പന്‍ഹേഗനാണ്. അവസാന മത്സരത്തില്‍ ഗലാറ്റസറെയെ ഒറ്റഗോളിന് തോല്‍പിച്ച് എട്ട് പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ഡാനിഷ് ക്ലബിനായി. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയതോടെ ഗലാറ്റസറെയ്‌ക്ക് യൂറോപ്പ ലീഗ് നോക്കൗട്ട് സ്റ്റേജിലേക്കും കടക്കാനായി.