മ്യൂണിക് :യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ രണ്ടാം പാദ മത്സരത്തിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്കിനെ നേരിടും. മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റർ മിലാൻ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയെയും നേരിടും. രണ്ട് മത്സരങ്ങളും രാത്രി 12.30നാണ് ആരംഭിക്കുക.
ഇത്തിഹാദിൽ നടന്ന ആദ്യപാദ മത്സരത്തിൽ നേടിയ മൂന്ന് ഗോൾ ജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് അലയൻസ് അരീനയിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. ഗോൾവേട്ടയിലെ റെക്കോഡുകൾ തകർത്ത് മുന്നേറുന്ന നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലണ്ടിന്‍റെ ബൂട്ടുകളിൽ തന്നെയാണ് സിറ്റിയുടെ പ്രതീക്ഷ. ഈ ചാമ്പ്യന്‍സ് ലീഗ് സീസണിൽ 7 കളികളില്‍ 11 ഗോളുകളാണ് ഹാലണ്ടിന്‍റെ സമ്പാദ്യം.
മിഡ്‌ഫീൽഡർ കെവിൻ ഡിബ്രുയിൻ, ജാക്ക് ഗ്രീലിഷ്, റിയാദ് മെഹ്റസ് എന്നിവരും ഗോളടിക്കാനും അടിപ്പിക്കാനും മിടുക്കരാണ്. റുബൻ ഡിയാസ്, ജോൺ സ്റ്റോൺസ്, നാഥാൻ ആകെ തുടങ്ങിയവർ അണിനിരക്കുന്ന പ്രതിരോധ നിര ഏത് മുന്നേറ്റ നിരയെയും തടയാൻ കെൽപ്പുള്ളവരാണ്. എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി അവസാന 14 കളികളില്‍ പരാജയമറിയാതെയാണ് സിറ്റി ഇന്ന് ബയേണിനെതിരെ ഇറങ്ങുന്നത്. എന്നാൽ ബയേൺ മ്യൂണിക്കിനെ വിലകുറച്ച് കാണരുതെന്നാണ് പരിശീലകൻ പെപ് ഗ്വാർഡിയോള താരങ്ങൾക്ക് നൽകുന്ന നിർദേശം.
ജർമൻ ടീമുകൾക്കെതിരെ ചാമ്പ്യന്‍സ് ലീഗിൽ സിറ്റിയുടെ റെക്കോഡ് വളരെ മികച്ചതാണ്. നോക്കൗട്ട് റൗണ്ട് പോരാട്ടങ്ങളിൽ ഒരു ജർമൻ ക്ലബ്ബിനും ഇതുവരെ സിറ്റിയെ തോൽപ്പിക്കാനായിട്ടില്ല. ഒമ്പത് മത്സരങ്ങളിൽ എട്ടിലും ജയം സിറ്റിക്കായിരുന്നു. ജർമൻ ടീമുകൾക്കെതിരെ അവസാന 20 മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് സിറ്റി തോൽവി നേരിട്ടത്. ഇതിന് മുൻപ് നാല് തവണ മാത്രമാണ് ആദ്യ പാദത്തിൽ മൂന്നോ അതിലധികമോ ഗോൾ അടിച്ച ടീം രണ്ടാം പാദത്തിൽ പരാജയപ്പെട്ടത്.
ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ റെക്കോർഡ് സിറ്റിക്കുണ്ട്. ഈ സീസണിലെ അവരുടെ ഒമ്പത് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. അവസാന 10 കളികളിൽ ആറിലും അവർ ക്ലീൻ ഷീറ്റും നേടിയിട്ടുണ്ട്.
മറുവശത്ത് ബയേൺ മ്യൂണിക്കിന് താരങ്ങൾക്കിടയിലെ പടലപ്പിണക്കങ്ങളാണ് പ്രധാന പ്രശ്‌നം. ജർമൻ ലീഗിൽ ഒന്നാമതെത്തിയെങ്കിലും അവസാന മത്സരത്തിൽ ഹോഫെൻഹെയിമിനോട് സമനില വഴങ്ങിയത് ഒന്നാം സ്ഥാനത്തിന് വെല്ലുവിളിയാണ്. ജൂലിയൻ നാഗെൽസ്‌മാൻ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായ ശേഷം ടീമിനൊപ്പം ചേർന്ന തോമസ് ടുഷേലിന് മികച്ച ചാമ്പ്യൻസ് ലീഗ് റെക്കോഡുണ്ട്. ചെൽസിയെ 2021 ൽ കിരീടത്തിലെത്തിച്ച ടുഷേലിന് പ്രീമിയർ ലീഗിൽ സിറ്റിയെ നേരിട്ട പരിചയവുമുണ്ട്.
ബെൻഫിക്കയ്‌ക്കെതിരെ ഇന്‍റർ മിലാന് സെമി ഉറപ്പിക്കാൻ സമനില മാത്രം മതി. പോർച്ചുഗലിൽ നടന്ന ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്‍ററിന്‍റെ ജയം. നികോള ബരെല്ല, റൊമേലു ലുകാകു എന്നിവരാണ് ഇന്‍ററിനായി ലക്ഷ്യം കണ്ടത്. ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ ബെൻഫിക്കയുടെ ആദ്യ തോൽവിയായിരുന്നു അത്.