വിയന്ന : ജർമന്‍ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ഇന്ന് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ റെഡ് ബുൾ സാൽസ്ബർഗിനെ അവരുടെ മൈതാനത്ത് നേരിടും. സാൻ സിറോയിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്‍റർ മിലാൻ ലിവർപൂളുമായി ഏറ്റുമുട്ടും.
ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തെത്തിയാണ് സാൽസ്ബർഗ് പ്രീക്വാർട്ടറിൽ എത്തിയത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നോക്കൗട്ട് റൗണ്ടിലെത്തുന്ന ആദ്യ ഓസ്ട്രിയൻ ടീമാണ് റെഡ് ബുൾ സാൽസ്ബർഗ്.
മറുവശത്ത ബയേൺ തുടർച്ചയായ 19-ാം സീസണിലാണ് ചാമ്പ്യൻസ് ലീഗിന്‍റെ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ബയേണിന്‍റെ വരവ്. ഇന്ന് രാത്രി 1.30നാണ് മത്സരം.
രണ്ടാം മത്സരത്തിൽ ഇന്‍റർ മിലാൻ ലിവർപൂളുമായി ഏറ്റുമുട്ടും. ആദ്യ പാദ പ്രീക്വാർട്ടർ മിലാനിലാണ് നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ബയേണിനെ പോലെ തന്നെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ലിവർപൂൾ പ്രീക്വാർട്ടറിലേക്ക് എത്തിയത്. അതേസമയം ഇന്‍റർ മിലാൻ ഗ്രൂപ്പ് ഘട്ടത്തിൽ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനവുമായാണ് നോക്കൗട്ട് റൗണ്ടിലേക്ക് എത്തിയത്.
ALSO READ:മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തി, രക്ഷകനായി എംബാപ്പെ; പിഎസ്ജിക്ക് ജയം
തങ്ങളുടെ അവസാന രണ്ട് സീരി എ മത്സരങ്ങളിൽ വിജയിക്കാനാകാതെയാണ് മിലാൻ ചാമ്പ്യൻസ് ലീഗിനെത്തുന്നത്. മിലാൻ ഡാർബിയിൽ എസി മിലാനോട് 2-1 ന് തോൽക്കുകയും പിന്നാലെ നാപോളിയോട് 1-1 സമനില വഴങ്ങുകയും ചെയ്‌ത ഇന്‍ററിന് ഇന്ന് വിജയിക്കുക എളുപ്പമാകില്ല.
മറുവശത്ത് ലിവർപൂൾ തുടർച്ചയായ ആറ് വിജയങ്ങളുമായാണ് മിലാനിലേക്ക് വിമാനം കയറുന്നത്. സലാ, മാനെ എന്നിവരുടെ തിരിച്ചുവരവും പുതിയ സൈനിംഗ് ലൂയിസ് ഡയസിന്‍റെ മികച്ച പ്രകടനവും ലിവർപൂളിനെ കൂടുതൽ ശക്തമാക്കും. രാത്രി 1.30നാണ് രണ്ട് മത്സരങ്ങളും നടക്കുന്നത്.