മുംബൈ: ഐ ലീഗ് ഫുട്ബോൾ മത്സരങ്ങളിലെ ഒത്തുകളി സിബിഐ അന്വേഷിക്കുന്നു. രാജ്യാന്തര ഒത്തുകളി ഏജന്‍റ് വിത്സണ്‍ രാജ് പെരുമാള്‍ ക്ലബുകള്‍ക്ക് വലിയ തുക നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. ചുരുങ്ങിയത് അഞ്ചോളം ഇന്ത്യന്‍ ക്ലബുകളില്‍ ലിവിങ് ത്രി ഡി ഹോൾഡിങ്‌സ് ലിമിറ്റഡ് എന്ന കമ്പനി മുഖേന ഇയാള്‍ നിക്ഷേപം നടത്തിയെന്നാണ് ആരോപണം.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിത്സണ്‍ രാജ് പെരുമാളിനെ ഫിന്‍ലന്‍ഡ്, ഹംഗറി എന്നിവിടങ്ങളിലെ ഒത്തുകളി കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സമാന കേസില്‍ 1995ൽ സിംഗപ്പൂരിലാണ് ഇയാള്‍ ആദ്യമായി ജയിലിലായത്. അന്താരാഷ്‌ട്ര തലത്തില്‍ ഏറെ കുപ്രസിദ്ധി നേടിയ വിത്സണ്‍ രാജ് ഒളിമ്പിക്‌സ്, ലോകകപ്പ് യോഗ്യത മത്സരങ്ങൾ, വനിത ലോകകപ്പ്, കോൺകാകാഫ് ഗോൾഡ് കപ്പ്, ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് എന്നിവയുൾപ്പെടെയുള്ളവയില്‍ ഒത്തുകളിച്ചതായി ആരോപിക്കപ്പെടുന്നുണ്ട്.