പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം ഫൈനലിലിടം പിടിച്ച് നോര്‍വീജിയന്‍ താരം കാസ്‌പര്‍ റൂഡ്. കലാശപ്പോരാട്ടത്തില്‍ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലാണ് കാസ്‌പര്‍ റൂഡിന്‍റെ എതിരാളി. സെമിയിൽ മുൻ ഗ്രാന്‍ഡ്‌സ്ലാം ജേതാവ് ക്രൊയേഷ്യൻ താരം മരിന്‍ സിലിച്ചിനെ കീഴടക്കിയാണ് 23 കാരനായ റൂഡ് തന്‍റെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനലിനെത്തുന്നത്. സ്‌കോര്‍: 3-6, 6-4, 6-2, 6-2.
ചരിത്രത്തിലാദ്യമായി ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന നോര്‍വീജിയന്‍ താരം എന്ന റെക്കോഡ് സ്വന്തമാക്കിയാണ് ലോക എട്ടാം നമ്പര്‍ താരമായ റൂഡ് ഫൈനല്‍ ടിക്കറ്റെടുത്തത്. ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷം വെറ്ററന്‍ താരമായ സിലിച്ചിനെതിരെ റൂഡ് തിരിച്ചടിക്കുകയായിരുന്നു. ഇരുവരുടെയും ആദ്യ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനല്‍ മത്സരം കൂടിയായിരുന്നു ഇത്.
ക്രൊയേഷ്യന്‍ താരമായ സിലിച്ച് 2014-ലെ യു.എസ്.ഓപ്പണ്‍ കിരീടജേതാവാണ്. പക്ഷേ സിലിച്ചിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ റൂഡിന് സാധിച്ചു. 16 എയ്‌സുകളും 41 വിന്നറുകളും നേടിയ റൂഡ് മത്സരത്തിനിടെ 2 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 5 തവണ ബ്രേക്ക് ചെയ്‌തു.