മാഞ്ചസ്റ്റർ : പ്രീമിയർ ലീഗിൽ ഗോൾ രഹിത സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ സതാംപ്‌ടണെ നേരിട്ട മത്സരത്തിൽ മിഡ്‌ഫീൽഡറായ കസെമിറോ ചുവപ്പ് കാർഡ് കണ്ടതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്. 34-ാം മിനിട്ടിൽ അൽകാരസിനെതിരെ അപകടകരമായ ടാക്കിൾ നടത്തിയതിനാണ് റഫറി ആന്‍റണി ടെയ്‌ലർ കസെമിറോക്ക് കാർഡ് നൽകിയത്. ഇതോടെ മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും പത്ത് പേരായിട്ടാണ് മാഞ്ചസ്റ്റർ കളിച്ചത്.
ലിവർപൂളിനെതിരായ വമ്പൻ തോൽവിയിൽ നിന്നും കരകയറാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം അനിവാര്യമായിരുന്നു. എന്നാൽ ആ പരാജയം താരങ്ങളിൽ നിഴലിക്കുന്നതാണ് കണ്ടത്. തുടക്കത്തിൽ നിരന്തരം മിസ് പാസുകൾ നടത്തിയത് ഗോൾകീപ്പർ ഡി ഗിയക്ക് വെല്ലുവിളിയായി.
മാഞ്ചസ്‌റ്റർ യുണൈറ്റഡ് പതിയെ താളം കണ്ടെത്താൻ തുടങ്ങിയെങ്കിലും കസെമിറോ ചുവപ്പ് കാർഡ് വഴങ്ങി. അൽകാരസിനെ വീഴ്‌ത്തിയതിന് ആദ്യം മഞ്ഞക്കാർഡ് നൽകിയ റഫറി വാർ പരിശോധനയ്‌ക്ക് ശേഷമാണ് ചുവപ്പ് കാർഡ് നൽകിയത്. ഇതോടെ ആതിഥേയർ 10 പേരിലേക്ക് ചുരുങ്ങി.
ഇതോടെ മുന്നേറ്റത്തിൽ നിന്നും വൗട്ട് വെഗ്‌ഹോസ്റ്റിനെ പിൻവലിച്ച പരിശീലകൻ എറിക് ടെൻ ഹാഗ് മധ്യനിര താരമായ സ്‌കോട്ട് മക്‌ടോമിനയെ കളത്തിലെത്തിച്ചു. തുടർന്ന് ഇരുടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല.
രണ്ടാം പകുതിയിൽ വാർഡ്പ്രൊസിന്‍റെ 25 വാര അകലെ നിന്നുള്ള മനോഹരമായ ഫ്രീകിക്ക് വലത് ഗോൾ ബാറിൽ തൊട്ടുരുമ്മിയാണ് പുറത്തേക്ക് പോയത്. തൊട്ടുപിന്നാലെ യുണൈറ്റഡ് ലീഡെടുത്തെന്ന് തോന്നിപ്പിച്ച നിമിഷം. ബ്രൂണോ ഫെർണാണ്ടസിന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു.
70 മിനിട്ടുകൾക്ക് ശേഷം യുവ താരങ്ങളായ അലജന്ദ്രോ ഗർണാച്ചോ, ഫകുണ്ടോ പെലിസ്‌ട്രി എന്നിവരെയും പരിശീലകൻ ടെൻ ഹാഗ് കളത്തിലിറക്കിയെങ്കിലും ഗോൾ മാത്രം നേടാനായില്ല. ഇതോടെ മത്സരം ഗോൾ രഹിതമായി അവസാനിച്ചു.
ഈ സമനിലയോടെ മാഞ്ചസ്‌റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. 26 മത്സരങ്ങളിൽ നിന്ന് 22 പോയിന്‍റ് മാത്രമുള്ള സതാംപ്‌ടൺ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. 26 മത്സരങ്ങളിൽ നിന്നും 50 പോയിന്‍റാണ് യുണൈറ്റഡിനുള്ളത്. 66 പോയിന്‍റുള്ള ആഴ്‌സണൽ, 61 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ടോട്ടൻഹാം ഹോട്‌സ്‌പറാണ് നാലാമത്.
കസെമിറോയ്ക്ക് വിലക്ക് നാല് മത്സരങ്ങളിൽ : സതാംപട്‌ണെതിരായ മത്സരത്തിൽ കസെമിറോ റെഡ് കാർഡുമായി കളം വിട്ടത് യുണൈറ്റഡിന് തിരിച്ചടിയാകും. അൽകാരസിനെ വീഴ്‌ത്തിയതിന് നേരിട്ട് ചുവപ്പ് കാർഡ് കിട്ടിയ താരത്തിന്‍റെ സാന്നിധ്യം അടുത്ത നാല് മത്സരങ്ങളിൽ ലഭ്യമാകില്ല. ഈ സീസണിൽ യുണൈറ്റഡിനൊപ്പം ചേർന്ന താരത്തിന്‍റെ രണ്ടാം ചുവപ്പ് കാർഡാണിത്. അതുകൊണ്ടാണ് താരത്തിന് നാല് മത്സരങ്ങളിൽ വിലക്ക് ലഭിക്കുന്നത്.
ഫുൾഹാമിനെതിരായ എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനൽ, പ്രീമിയർ ലീഗിൽ ന്യൂകാസിൽ, ബ്രെന്‍റ്‌ഫോർഡ്, എവർട്ടൺ എന്നീ ടീമുകൾക്കെതിരായ മത്സരങ്ങളുമാണ് ബ്രസീലിയൻ താരത്തിന് നഷ്‌ടമാവുക. ഇതോടെ സസ്‌പെൻഷൻ കാരണം കസെമിറോയ്ക്ക് നഷ്‌ടമാകുന്ന മത്സരങ്ങളുടെ എണ്ണം എട്ടാകും.