മാഡ്രിഡ്: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പിന്മാറ്റമറിയിച്ച് ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കാരസ്. വലത് കാലിലെ പേശിയ്ക്ക് ഏറ്റ പരിക്കാണ് സ്‌പാനിഷ് താരത്തിന് തിരിച്ചടിയായത്. പ്രീ സീസണ്‍ പരിശീലനത്തിനിടെയാണ് അല്‍ക്കാരസിന് പരിക്കേറ്റത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നഷ്‌ടമാകുന്നതില്‍ കടുത്ത നിരാശയുണ്ടെന്ന് അല്‍ക്കാരസ് ട്വീറ്റ് ചെയ്‌തു. "ഓസ്‌ട്രേലിയയില്‍ എന്‍റെ ഏറ്റവും മികച്ച നിലവാരത്തിലെത്താൻ ഞാൻ വളരെയധികം പരിശ്രമിച്ചു, പക്ഷേ നിർഭാഗ്യവശാൽ ഇവിടെ കളിക്കാന്‍ കഴിയില്ല.
ഇത് ബുദ്ധിമുട്ടാണ്, പക്ഷേ എനിക്ക് ശുഭാപ്‌തിവിശ്വാസം ഉണ്ടായിരിക്കണം, സുഖം പ്രാപിച്ച് മുന്നോട്ടുള്ള മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. 2024ൽ കാണാം" അല്‍ക്കാരസ് കുറിച്ചു.
19കാരനായ അല്‍ക്കാരസ് നിലവിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ്. ഈ നേട്ടത്തോടെയാണ് അല്‍ക്കാരസ് ലോക ഒന്നാം നമ്പര്‍ റാങ്കിലെത്തിയത്. ഇതോടെ ടെന്നീസില്‍ ലോക ഒന്നാം നമ്പറാവുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരമാവാനും അല്‍ക്കാരസിന് കഴിഞ്ഞു. അതേസമയം ജനുവരി 16 മുതല്‍ക്കാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.
ALSO READ:'ഇനിയും മുന്നോട്ടുപോവാന്‍ ശേഷിയില്ല' ; വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ച് സാനിയ മിര്‍സ