കേരളം

kerala

ETV Bharat / sports

WATCH: കറബാവോ കപ്പ് നേട്ടം നൃത്തം ചെയ്‌ത് ആഘോഷിച്ച് ടെന്‍ ഹാഗ്; കൂട്ടിന് ആന്‍റണിയും മാര്‍ട്ടിനെസും

കറബാവോ കപ്പ് ഫുട്‌ബോളിന്‍റെ ഫൈനലില്‍ ന്യൂകാസിലിനെ തോല്‍പ്പിച്ചതിന് ശേഷം നൃത്തം ചെയ്യുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്‍റെ വീഡിയോ വൈറല്‍.

By

Published : Feb 27, 2023, 3:17 PM IST

carabao cup  Manchester United  Erik Ten Hag  Antony  Lisandro Martinez  Erik Ten Hag Dance video  Erik Ten Hag Dances With Antony Lisandro Martinez  കറബാവോ കപ്പ് നേട്ടം ആഘോഷിച്ച് ടെന്‍ ഹാഗ്  എറിക് ടെന്‍ ഹാഗ്  ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്  ആന്‍റണി  മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്  കാസിമിറോ  Casemiro  marcus rashford  മാഞ്ചസ്റ്റര്‍ യുണൈറ്റ്  കറബാവോ കപ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റ്
കറബാവോ കപ്പ് നേട്ടം നൃത്തം ചെയ്‌ത് ആഘോഷിച്ച് ടെന്‍ ഹാഗ്

ലണ്ടന്‍:കറബാവോ കപ്പ് നേട്ടത്തോടെ ഒരു പ്രധാന ടൂര്‍ണമെന്‍റില്‍ കിരീടത്തിനായുള്ള ആറ് വര്‍ഷത്തെ കാത്തിരിപ്പാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാനിപ്പിച്ചത്. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ന്യൂകാസിലിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുണൈറ്റഡ് കിരീടം ഉയര്‍ത്തിയത്. കാസിമിറോ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരായിരുന്നു യുണൈറ്റഡിനായി ഗോളിച്ചത്.

ഇതിന് മുന്നെ 2017ല്‍ ഹോസെ മൗറീന്യോയ്‌ക്ക് കീഴില്‍ യൂറോപ്പ ലീഗ് കിരീടമായിരുന്നു യുണൈറ്റഡ് അവസാനമായി നേടിയത്. ഇതോടെ കറബാവോ കപ്പ് നേട്ടം തകര്‍ത്ത് യുണൈറ്റഡ് തകര്‍ത്ത് ആഘോഷിക്കുകയും ചെയ്‌തു. ഇതിന്‍റെ ഭാഗമായുള്ള പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്‍റെ ഡാന്‍സ് സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.

ബ്രസീലിയന്‍ താരം അന്‍റണി, അര്‍ജന്‍റീനന്‍ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ക്കൊപ്പമായിരുന്നു എറിക് ടെന്‍ ഹാഗ് നൃത്തം ചെയ്‌തത്. നേരത്തെ ഡച്ച് ക്ലബ് അയാക്‌സില്‍ ടെന്‍ ഹാഗിന് കീഴില്‍ ഒന്നിച്ച് കളിച്ച താരങ്ങള്‍ കൂടിയാണ് അന്‍റണിയും മാര്‍ട്ടിനെസും. അയാക്‌സ് ഡച്ച് ചാമ്പ്യന്മാരായപ്പോള്‍ മൂവരും സമാന രീതിയില്‍ നൃത്തം ചെയ്‌തിരുന്നു.

ടെന്‍ ഹാഗ് കഴിഞ്ഞ വര്‍ഷം യുണൈറ്റഡിന്‍റെ പരിശീലകനായെത്തിയതിന് പിന്നാലെയാണ് ഇരുവരും ലണ്ടനിലെത്തുന്നത്. ടെന്‍ ഹാഗ് എത്തും മുമ്പ് റാൽഫ് റാംഗ്നിക്കിന് കീഴില്‍ കളിച്ച യുണൈറ്റഡ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തേക്ക് വീണിരുന്നു. എന്നാല്‍ ഈ സീസണില്‍ മികച്ച പ്രകടനമാണ് ക്ലബ് നടത്തുന്നത്. നിലവില്‍ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്. 24 മത്സരങ്ങളില്‍ നിന്നും 49 പോയിന്‍റുമാണ് മുന്‍ ചാമ്പ്യന്മാര്‍ക്കുള്ളത്.

ആദ്യ പകുതിയില്‍ തന്നെ ഇരട്ട പ്രഹരം:ന്യൂകാസിലിനെതിരായ മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് യുണൈറ്റഡ് രണ്ട് ഗോളുകളും നേടിയത്. 33-ാം മിനിട്ടില്‍ കാസിമിറോയാണ് സംഘത്തിനായി ആദ്യം ലക്ഷ്യം കണ്ടത്. ലൂക്ക് ഷായുടെ അസിസ്റ്റില്‍ നിന്നായിരുന്നു മധ്യനിര താരത്തിന്‍റെ ഗോള്‍ നേട്ടം.

ആദ്യ ഗോള്‍ വഴങ്ങിയതിന്‍റെ ഞെട്ടലില്‍ നിന്നും കരകയറും മുന്‍പ് തന്നെ ന്യൂകാസിലിന്‍റെ വലയില്‍ യുണൈറ്റഡ്‌ വീണ്ടും പന്തെത്തിച്ചു. 39-ാം മിനിട്ടില്‍ പിറന്ന മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്‍റെ ഗോളിന് വഴിയൊരുക്കിയത് വൗട്ട് വെഗോര്‍സ്റ്റാണ്. കറബാവോ കപ്പിന്‍റെ ഈ സീസണില്‍ റാഷ്‌ഫോര്‍ഡ് നേടുന്ന അഞ്ചാം ഗോളാണിത്.

മത്സരത്തിന്‍റെ 62 ശതമാനവും പന്ത് കൈവശം വച്ച് ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളടിക്കാനാവാത്തതാണ് ന്യൂകാസിലിന് തിരിച്ചടിയായത്. ഇരുപാദങ്ങളായി നടന്ന സെമിയില്‍ യുണൈറ്റഡ് നോട്ടിങ്‌ഹാം ഫോറസ്റ്റിനെയും, ന്യൂകാസില്‍ സതാംപ്‌ടണിനെയും തകര്‍ത്താണ് ഫൈനലുറപ്പിച്ചിരുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആറാമത് കറബാവോ കിരീടം കൂടിയാണിത്.

യുവേഫ യൂറോപ്പ ലീഗിലും യുണൈറ്റഡിന്‍റെ മുന്നേറ്റം:യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളിലും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. സ്‌പാനിഷ്‌ വമ്പന്മാരായ ബാഴ്‌സലോണയെ പുറത്താക്കിയാണ് യൂറോപ്പ ലീഗില്‍ യുണൈറ്റഡ് മുന്നേറ്റം ഉറപ്പിച്ചത്.

രണ്ട് പാദങ്ങളിലായി നടന്ന മത്സരങ്ങളില്‍ 4-3 എന്ന അഗ്രിഗേറ്റഡ് സ്‌കോറിനാണ് യുണൈറ്റ് ബാഴ്‌സയ്‌ക്ക് പുറത്തേക്കുള്ള വഴി കാണിച്ചത്. ടൂര്‍ണമെന്‍റിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ ബെറ്റിസാണ് യുണൈറ്റഡിന്‍റെ എതിരാളികള്‍. പ്രീ ക്വാര്‍ട്ടറിന്‍റെ ആദ്യ പാദ മത്സരത്തില്‍ മാര്‍ച്ച് പത്തിനാണ് യുണൈറ്റഡും ബെറ്റിസും നേര്‍ക്കുനേരെത്തുന്നത്.

ALSO READ:ക്ലബ് കരിയറില്‍ 700 ഗോളുകള്‍; റോണോയ്‌ക്ക് പിന്നാലെ ചരിത്ര നേട്ടവുമായി ലയണല്‍ മെസി

ABOUT THE AUTHOR

...view details