മെക്‌സിക്കോയുടെ ജഴ്‌സി നിലത്തിട്ട് ചവിട്ടിയെന്ന് ആരോപിച്ച്, അർജന്‍റീനയുടെ സൂപ്പർ താരം ലയണൽ മെസിക്കെതിരെ മെക്‌സിക്കോയുടെ മിഡ്‌വെയ്‌റ്റ് ലോക ചാമ്പ്യനായ കാനെലോ അൽവാരസ് ഭീഷണി ഉയർത്തിയത് വലിയ കോളിളക്കമാണ് സൃഷ്‌ടിച്ചത്. 'ഞാന്‍ ഒരിക്കലും നേരിട്ട് കാണാതിരിക്കാന്‍ മെസി ദൈവത്തോട് പ്രാര്‍ഥിക്കട്ടെ' എന്നായിരുന്നു കാനെലോ അൽവാരസിന്‍റെ ഭീഷണി. എന്നാൽ സംഭവം വിവാദമായതോടെ തന്‍റെ വാദം പിൻവലിച്ച് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാനെലോ.
ട്വിറ്ററിലൂടെയാണ് താരം തന്‍റെ ക്ഷമാപണം നടത്തിയത്. 'രാജ്യത്തോടുള്ള അഭിനിവേശവും സ്‌നേഹവും കൊണ്ട് ഞാൻ വൈകാരികമായി ചിന്തിച്ചുപോയി. മെസിയോടും അർജന്‍റീനയിലെ ജനങ്ങളോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങൾ നാം പഠിക്കുന്നുണ്ട്. ഇത്തവണ എന്‍റെ ഊഴമായിരുന്നു' - കാനെലോ ട്വീറ്റ് ചെയ്‌തു.
കാനെലോയുടെ ഭീഷണി : അർജന്‍റീനയും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ വിജയാഘോഷത്തിനിടെ മെസി മെക്‌സിക്കോ താരത്തിന്‍റെ ജഴ്‌സിയിൽ ചവിട്ടിയെന്നും രാജ്യത്തെ അപമാനിച്ചുവെന്നുമായിരുന്നു ആരോപണം. പിന്നാലെ സോഷ്യൽ മീഡിയയിലും മെസിയെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങൾ രംഗത്തെത്തി. ഇതിനിടെയാണ് മെസിക്കെതിരെ ഭീഷണിയുമായി കാനെലോയും എത്തിയത്.
'ഞങ്ങളുടെ ജഴ്‌സിയും പതാകയും ഉപയോഗിച്ച് മെസി തറ വൃത്തിയാക്കുന്നത് കണ്ടോ. ഞാൻ ഒരിക്കലും നേരിട്ട് കാണാതിരിക്കാന്‍ മെസി ദൈവത്തോട് പ്രാര്‍ഥിക്കട്ടെ'. ഞാന്‍ അര്‍ജന്‍റീനയെ ബഹുമാനിക്കുന്നത് പോലെ അവന്‍ മെക്‌സിക്കോയെയും ബഹുമാനിക്കണം. ഞാൻ ആ രാജ്യത്തെക്കുറിച്ച് മൊത്തത്തിലല്ല സംസാരിക്കുന്നത്. മെസി ചെയ്‌ത മോശം പ്രവൃത്തിയെക്കുറിച്ച് മാത്രമാണ്" - എന്നതായിരുന്നു കാനെലോയുടെ ട്വീറ്റ്.