ദോഹ : ഖത്തര്‍ ലോകകപ്പില്‍ മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസി വിവാദത്തില്‍. മത്സരശേഷം ഡ്രസിങ് റൂമില്‍വച്ച് മെക്സിക്കോയുടെ ജഴ്‌സി താരം നിലത്തിട്ട് ചവിട്ടിയെന്നാണ് ആരോപണം. ടൂര്‍ണമെന്‍റില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്‍റീന മെക്‌സിക്കോയെ കീഴടക്കിയിരുന്നു.
മെസിയും എൻസോ ഫെർണാണ്ടസുമാണ് സംഘത്തിനായി ഗോളുകള്‍ നേടിയത്. മത്സരശേഷം ഡ്രസിങ് റൂമിലെ വിജയാഘോഷത്തിനിടെ തറയില്‍ കിടക്കുന്ന ഒരു തുണി മെസി കാലുകൊണ്ട് നീക്കിവയ്‌ക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇത് മെക്‌സിക്കോയുടെ ജഴ്‌സിയാണെന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. എന്നാല്‍ ചവിട്ടാതിരിക്കാന്‍ മെസി ജഴ്‌സി മാറ്റിവയ്‌ക്കുന്നതാവാം ഇതെന്ന മറുവാദവുമുണ്ട്.
മത്സരശേഷം മെക്‌സിക്കൻ കളിക്കാരനിൽ നിന്നും അര്‍ജന്‍റൈന്‍ നായകന്‍ ജഴ്‌സി സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ലയണല്‍ മെസിക്കെതിരെ മെക്‌സിക്കന്‍ ബോക്‌സര്‍ കാനെലോ അൽവാരസ് രംഗത്തെത്തി. തങ്ങളുടെ ജഴ്‌സിയും കൊടിയും ഉപയോഗിച്ച് മെസി തറ വൃത്തിയാക്കുന്നത് നിങ്ങള്‍ കണ്ടോയെന്ന് ചോദിച്ച് കാനെലോ അൽവാരസ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
ALSO READ:'തെറിവിളി പ്രചോദിപ്പിച്ചു' ; കാനഡ പരിശീലകന് നന്ദി പറഞ്ഞ് ക്രൊയേഷ്യന്‍ താരം
'താന്‍ ഒരിക്കലും നേരിട്ട് കാണാതിരിക്കാന്‍ മെസി ദൈവത്തോട് പ്രാര്‍ഥിക്കട്ടെയെന്ന' ഭീഷണി സന്ദേശവും ട്വീറ്റിലുണ്ട്. 'ഞാന്‍ അര്‍ജന്‍റീനയെ ബഹുമാനിക്കുന്നത് പോലെ അവന്‍ മെക്‌സിക്കോയെയും ബഹുമാനിക്കണം. ഞാൻ ആ രാജ്യത്തെക്കുറിച്ച് മൊത്തത്തിലല്ല സംസാരിക്കുന്നത്. മെസി ചെയ്‌ത മോശം പ്രവൃത്തിയെക്കുറിച്ച് മാത്രമാണ്" - മിഡ്‌വെയ്‌റ്റ് ലോകചാമ്പ്യനായ കാനെലോ അൽവാരസ് പറഞ്ഞു.